കൊച്ചി: ബ്രഹ്മപുരത്ത് ജൈവമാലിന്യ സംസ്‌കരണത്തിന് താത്കാലികാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ ബ്ലാക്ക് സോൾജിയർ ഫ്ളൈ (പട്ടാളപ്പുഴ) വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനം വിജയകരമായതോടെ പ്രവർത്തന ശേഷി ഇരട്ടിയാക്കി കോർപ്പറേഷൻ. നിലവിൽ 25ടൺ മാലിന്യമാണ് പട്ടാളപ്പുഴ സംവിധാനത്തിലൂടെ സംസ്കരിക്കുന്നത്. ഇത് 50ടണ്ണായി വർദ്ധിപ്പിച്ചു.
ബി.പി.സിഎല്ലിന്റെ ബയോ സി.എൻ.ജി പ്ലാന്റ് യാഥാർത്ഥ്യമാകുന്നതുവരെ മാലിന്യം സംസ്കരിക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തിലാണ് വിദേശരാജ്യങ്ങളിൽ പരീക്ഷിച്ച് വിജയിച്ച പട്ടാളപ്പുഴു പദ്ധതി കൊച്ചിയിലും നടപ്പാക്കുന്നത്. ഫാബ്‌കോ ബയോ സൈക്കിൾ ആൻഡ് ബൈയോ പ്രോട്ടീൻ ടെക്‌നോളജി എന്ന സ്ഥാപനമാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. 2023 ആഗസ്റ്റിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ 25ടൺവീതം സംസ്‌കരിക്കാനാണ് കരാർ നൽകിയത്. പദ്ധതി വിജയിച്ചാൽ അളവ് കൂട്ടുമെന്നും വ്യവസ്ഥവച്ചിരുന്നു.
* അനുമതി പരിശോധനയുടെ അടിസ്ഥാനത്തിൽ
സംസ്കരണശേഷി വർദ്ധിപ്പിക്കുന്നതിനു മുമ്പായി കരാർ കമ്പനിയുടെ പ്രവർത്തനം പഠിച്ച് വിലയിരുത്തുന്നതിനായി കോർപ്പറേഷൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഹെൽത്ത് ഓഫീസർ ബ്രഹ്മപുരത്ത് നേരിട്ടെത്തി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ കൂടുതൽ മാലിന്യം സംസ്‌കരിക്കുന്നതിന് കരാർ കമ്പനിക്ക് അനുമതി നൽകാമെന്ന് റിപ്പോർട്ട് നൽകി. ഇതുകൂടി പരിഗണിച്ചാണ് ഇപ്പോൾ സംസ്‌കരണശേഷി വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.
ദിവസേന 100 ടൺ മാലിന്യമാണ് നഗരത്തിൽനിന്ന് ബ്രഹ്മപുരത്തേക്ക് എത്തുന്നത്. ശേഷി വർദ്ധിപ്പിക്കുന്നതോടെ ദിവസേന ബാക്കിവരുന്ന മാലിന്യത്തിന്റെ അളവിൽ ഗണ്യമായ കുറവുവരും. ടണ്ണിന് 2498 രൂപ വീതമാണ് കമ്പനിക്ക് കോർപ്പറേഷൻ നൽകുന്നത്.
പട്ടാളപ്പുഴു ചരിത്രം
* ബ്ലാക് സോൾജിയർഫ്ളൈ എന്ന ഈച്ചയുടെ ലാർവയാണ് പട്ടാളപ്പുഴു
* പ്രധാനഭക്ഷണം മാംസവും ജൈവമാലിന്യവുമാണ്.
* ഒരുദിവസം 200ഗ്രാം മാലിന്യംവരെ ഓരോ പുഴുവും അകത്താക്കും.
* ഇണ ചേരുന്നതോടെ ആണീച്ചയും മുട്ടയിടുന്നതോടെ പെണ്ണീച്ചയും ചാകും.
* മുട്ട വിരിഞ്ഞുണ്ടാകുന്ന ലാർവകളാണ് മാലിന്യംതിന്ന് ജൈവവളമാക്കുന്നത്.
* ലാർവയുടെ ആയുസ് 22ദിവസമാണ്. പ്ലാന്റിലെ ലാബിൽ വളർത്തിയെടുക്കുന്ന ലാർവയെ ജൈവമാലിന്യത്തിൽ കലർത്തുന്നതോടെ രണ്ടാഴ്ചയ്ക്കുള്ളിൽ മാലിന്യം വളമായി മാറും.
* വളം അരിച്ചെടുത്ത് കൃഷിക്ക് ഉപയോഗിക്കാം. വളത്തിൽനിന്ന് ലാർവയെ വേർതിരിച്ചെടുത്ത് വേവിച്ച് മൃഗങ്ങൾക്കും കോഴികൾക്കും മത്സ്യങ്ങൾക്കും തീറ്റയായി നൽകാം.
പട്ടാളപ്പുഴു ഉപയോഗിച്ചുള്ള മാലിന്യസംസ്കരണം താത്കാലിക അടിസ്ഥാനത്തിലാണ് ആരംഭിച്ചതെങ്കിലും പദ്ധതി വൻവിജയമായി. അതുകൊണ്ടാണ് പ്രവർത്തനശേഷി വർദ്ധിപ്പിച്ചത്.
എം. അനിൽകുമാർ
മേയർ