
ഗുജറാത്തിൽ ആനന്ദിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ മാനേജ്‌മെന്റിൽ 2025- 27 അദ്ധ്യയന വർഷം -IRMA ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കാം. റൂറൽ മാനേജ്‌മെന്റിലുള്ള ബിരുദാനന്തര ഡിപ്ലോമ ഇൻ റൂറൽ മാനേജ്‌മെന്റ് പ്രോഗ്രാമിന് ഏറെ സാദ്ധ്യതകളുണ്ട്. ലോകത്താകമാനം മികച്ച മേഖലകളിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കും. കോഴ്‌സിൽ ഇക്കണോമിക്സ്, ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ്, സ്ട്രാറ്റജിക് മാനേജ്മെന്റ്, മാർക്കറ്റിംഗ്, പ്രൊഡക്ഷൻ ആൻഡ് ഓപ്പറേഷൻസ് മാനേജ്മെന്റ്, ഓർഗനൈസേഷണൽ ബിഹേവിയർ ആൻഡ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, സോഷ്യൽ സയൻസസ്, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് സിസ്റ്റംസ് എന്നിവയ്ക്ക് പ്രാധാന്യമുണ്ട്. രണ്ടു വർഷമാണ് കോഴ്‌സ് കാലയളവ്.
വികസനോന്മുഖ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വിദ്യാർത്ഥികളെയും ജീവനക്കാരെയും സ്‌പോൺസർ ചെയ്യാം. ബിരുദധാരികൾക്ക് CAT സ്‌കോറിന്റെ അടിസ്ഥാനത്തിൽ ഇർമയിൽ അഡ്മിഷന് ശ്രമിക്കാം. കാർഷിക, വെറ്ററിനറി, ഡെയറി ടെക്‌നോളജി തുടങ്ങിയ ബിരുദധാരികൾക്ക് ഇർമ പ്രോഗ്രാം ഏറെ മികച്ചതാണ്.
AICTE അംഗീകൃത ഡോക്ടറൽ പ്രോഗ്രാമായ ഫെലോ പ്രോഗ്രാം ഇൻ മാനേജ്‌മെന്റിനും ഇർമയിൽ അപേക്ഷിക്കാം. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് അക്കാഡമിക്, റിസർച്ച്, കൺസൾട്ടിംഗ് മേഖലകളിൽ മികച്ച തൊഴിൽ ലഭിക്കും. മെരിറ്റിന്റെ അടിസ്ഥാനത്തിൽ പ്രതിമാസം 35000- 45000 രൂപ വരെ ഫെലോഷിപ് ലഭിക്കും. ഡിസംബർ 26 വരെ അപേക്ഷിക്കാം. www.irma.ac.in.
സെർബ് വിസിറ്റിംഗ് ഫെലോഷിപ്
ഇന്ത്യൻ പി എച്ച്.ഡി വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ സയൻസ് ആൻഡ് എൻജിനിയറിംഗ് റിസർച്ച് ബോർഡ് (സെർബ്) വിസിറ്റിംഗ് ഡോക്ടറൽ ഫെലോഷിപ് പ്രോഗ്രാമിന് അപേക്ഷിക്കാം. അമേരിക്കയിലെ പർജൂ യൂണിവേഴ്‌സിറ്റി, കാനഡയിലെ യൂണിവേഴ്‌സിറ്റി ഒഫ് ആൽബെർട്ട എന്നിവിടങ്ങളിലേക്കാണ് അപേക്ഷിക്കാവുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.serb.gov.in, www.purdue.edu/india, www.ualberta.ca സന്ദർശിക്കുക.
ഓർമിക്കാൻ...
1. സിമാറ്റ്:- നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് 2025ന് 13 വരെ അപേക്ഷിക്കാം. മാനേജ്മെന്റ് മാസ്റ്റേഴ്സ് തല പ്രോഗാം പ്രവേശനത്തിനായി നടത്തുന്ന ദേശീയ മാനേജ്മെന്റ് അഭിരുചി പരീക്ഷയാണിത്. വെബ്സൈറ്റ്: exams.nta.ac.in/CMAT/.
2. ഐസർ പി എച്ച്.ഡി:- തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ പി എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് 16 വരെ രജിസ്റ്റർ ചെയ്യാം. ഫിസിക്സ്, കെമിസ്ട്രി, ബയോടെക്നോളജി, ബയോമെഡിക്കൽ എൻജിനിയറിംഗ് വിഷയങ്ങളിൽ 6.5 ഗ്രേഡ് പോയിന്റ് ആവറേജോടെ ബിരുദാനന്തര ബിരുദവും സി.എസ്.ഐ.ആർ-യു.ജി.സി-ജെ.ആർ.എഫ്,ഗേറ്റ്, ഡി.ബി.ടി- ജെ.ആർ.എഫ്, ജെ.ജി.ഇ.ഇ.ബി.ഐ.എൽ.എസ്, ജെ.ഇ.എസ്.ടി യോഗ്യതകളിലൊന്നും നേടിയവർക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്: www.iisertvm.ac.in.
3. ക്ലാറ്റ് കൗൺസലിംഗ്:- ദേശീയ നിയമ സർവകലാശാലകളിലേക്ക് ക്ലാറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ നടത്തുന്ന പ്രവേശന കൗൺസലിംഗിന് 20 വരെ അപേക്ഷിക്കാം. ആദ്യ ഘട്ട അലോട്ട്മെന്റ് പ്രക്രിയ 26-ന് പ്രസിദ്ധീകരിക്കും. വെബ്സൈറ്റ്: https://consortiumofnlus.ac.in/clat-2025/.
4. പി.എം ഇന്റേൺഷിപ്:- പി.എം ഇന്റേൺഷിപ് സ്കീമിൽ തിരഞ്ഞെടുക്കപ്പെട്ടവർ 15ന് മുമ്പ് കമ്പനികളിൽ പ്രവേശിക്കണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഡിസംബർ ഒന്നിന് അവസാനിക്കേണ്ടിയിരുന്ന സമയപരിധിയാണ് 15 വരെ ദീർഘിപ്പിച്ചത്.