
കൊച്ചി: ആദിശക്തി ലബോറട്ടറി ഫോർ തിയേറ്റർ ആർട്ട് റിസർച്ചിന്റെ ഇംഗ്ലീഷ് നാടകം 'ഊർമ്മിള' കേരള ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ 13ന് വൈകിട്ട് 6.30ന് അവതരിപ്പിക്കും. രാമായണത്തിലെ ഊർമ്മിളയെ കേന്ദ്രീകരിച്ചാണ് അയോദ്ധ്യ പശ്ചാത്തലമായ നാടകം. ലക്ഷ്മണനിൽ നിന്നുള്ള നിരൂപദ്രകരമായ കല്പനയാൽ ( ഉറങ്ങൂ, എന്റെ ഉറക്കം) ഊർമ്മിളയുടെ ജീവിതം മാറ്റിമറിച്ചെന്ന് നാടകം പറയുന്നു. നടിയും നർത്തകിയും സംഗീതജ്ഞയും സംവിധായകയും സാഹിത്യകാരി സാറാ ജോസഫിന്റെ മരുമകളുമായ നിമ്മി റാഫേൽ രചിച്ച് സംവിധാനം ചെയ്ത നാടകത്തിൽ ഊർമ്മിളയായി നിമ്മി അഭിനയിക്കുന്നു. കേരള ഫൈൻ ആർട്സ് സൊസൈറ്റി അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമായിരിക്കും പ്രവേശനം.