padam

കൊച്ചി: ജർമ്മനിയിൽ ജോലി തേടി പോകുന്നവരെ വലച്ചിരുന്ന ജർമ്മൻ ഭാഷാ പരീക്ഷാകേന്ദ്രമെന്ന പ്രശ്നം പരിഹരിച്ച് സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടന്റ്സ് (ഒഡെപെക്). ജർമ്മൻ ഭാഷയിലെ എല്ലാ തലത്തിലുമുള്ള പരീക്ഷയെഴുതാൻ കഴിയുന്നതും ജർമ്മൻ പഠിക്കാൻ ഉതകുന്നതുമായ അത്യാധുനിക കേന്ദ്രം അങ്കമാലിയിൽ ഒഡെപെക് തുറന്നു.

സംസ്ഥാനത്ത് ജർമ്മൻ ഭാഷ പഠിപ്പിക്കുന്ന നിരവധി ഇൻസ്റ്റിറ്റ്യൂട്ടുകളുണ്ടെങ്കിലും നാമമാത്രമായ സ്ഥാപനങ്ങളിൽ മാത്രമേ പരീക്ഷാ കേന്ദ്രമുള്ളൂ. ഇവി​ടെ പരീക്ഷാ സ്ലോട്ട് കിട്ടുക എളുപ്പമല്ല. ബി വൺ, ബി ടു പരീക്ഷകളെഴുതാൻ ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബയ്, ഡൽഹി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിയും വരുമായിരുന്നു. ഫീസിന് പുറമേ പരീക്ഷാകേന്ദ്രം തേടിയുള്ള യാത്രയ്‌ക്കും നല്ലൊരു തുക വേണം.

ഈ ധർമ്മസങ്കടം തിരിച്ചറിഞ്ഞാണ് തൊഴിൽവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനം കേരളത്തിൽ അംഗീകൃത പരീക്ഷാ കേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചത്. അങ്കമാലി സൗത്ത് ഇൻകെൽ ബിസിനസ് പാർക്കിൽ നിർമ്മിച്ച ജർമ്മൻ ഭാഷാപഠന കേന്ദ്രം കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുത്ത 1000 നഴ്‌സുമാരാണ് ഇപ്പോൾ വിദ്യാർത്ഥികൾ. ഇവരുടെ പഠനം, പരീക്ഷാ ഫീസ്, വിസ, വിമാന യാത്രാച്ചെലവ് എന്നിവയെല്ലാം സർക്കാരാണ് വഹിക്കുന്നത്.

ജർമ്മൻകാർ നിന്നുള്ളവർ നിയന്ത്രിക്കും
വിദേശരാജ്യങ്ങളുടെ മാതൃകയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ചിരിക്കുന്നത്. 312 ഉദ്യോഗാർത്ഥികൾക്ക് ഒരേസമയം പരീക്ഷ എഴുതാം. പ്രതിവർഷം 4000മുതൽ 5000 പേർക്ക് ഇവിടെ പരീക്ഷ എഴുതാവുന്ന സാഹചര്യമാണ് ഒഡെപെക് ലക്ഷ്യമിടുന്നത്. 10 പേർക്കാണ് ജർമ്മൻ പരീക്ഷാ കേന്ദ്രത്തിന്റെ ചുമതല. ഇതിൽ മൂന്ന് പേർ ജർമ്മനിയിൽ നിന്നുള്ളവരാണ്. ഇവരാണ് പരീക്ഷയ്ക്ക് ചുക്കാൻ പിടിക്കുന്നത്. 16,625 രൂപയാണ് പരീക്ഷാ ഫീസ്.

നിലവിൽ നഴ്‌സുമാർക്കാണ് ജർമ്മൻ ഭാഷാ പരിശീലനം നൽകിവരുന്നത്. വൈകാതെ മറ്റ് തൊഴിൽമേഖലയിലുള്ളവർക്കും അവസരമൊരുക്കും.
കെ.എ. അനൂപ്
എം.ഡി
ഒഡെപെക്