
കൊച്ചി/പറവൂർ: തെരുവുനായ്ക്കളുടെ ആക്രമണവും പേവിഷബാധയും നിയന്ത്രിക്കാൻ സർക്കാർ പുറത്തിറക്കിയ സർക്കുലറുകളും നിർദേശങ്ങളും നടപ്പാക്കാതെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ. വന്ധ്യംകരണ (എ.ബി.സി) പദ്ധതി, അഭയകേന്ദ്രം പദ്ധതി, ലൈസൻസ് നൽകൽ തുടങ്ങിയ നിർദേശങ്ങളിലാണ് തദ്ദേശ സ്ഥാപനങ്ങൾ ഉദാസീന നിലപാട് സ്വീകരിക്കുന്നത്. 1998ലെ പഞ്ചായത്ത് രാജ് ചട്ടപ്രകാരം പേവിഷബാധ നിയന്ത്രണ വിധേയമാക്കാൻ പഞ്ചായത്ത് ഡയറക്ടർ 2022 ആഗസ്റ്റ് 26ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്കും സർക്കുലർ നൽകിയിരുന്നു.
പുതുക്കിയ എ.ബി.സി വ്യവസ്ഥപ്രകാരം തദ്ദേശസ്ഥാപനങ്ങൾ ജീവനക്കാരെ നിയോഗിച്ച് പ്രത്യേക സംവിധാനം ഒരുക്കി അനിമൽ വെൽഫയർ ബോർഡ് ഇന്ത്യയുടെ അനുമതിയോടെ എ.ബി.സി പദ്ധതി നടപ്പാക്കണം.വിവരവാകാശ പ്രവർത്തകനും ബോധി വിവരാവകാശ സംരക്ഷണസേനാ പ്രസിഡന്റുമായ നിഷാദ് ശോഭന് ലഭിച്ച വിവരാവകാശ മറുപടിയിൽ ഇതൊന്നും നടപ്പിലായില്ലെന്ന് ചൂണ്ടിക്കാട്ടുന്നു.
ഫണ്ടുണ്ട്, ശ്രമമില്ല
65 ഗ്രാമപഞ്ചായത്ത്, അഞ്ച് നഗരസഭ, 12 ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ എ.ബി.സി പദ്ധതി പൂർണമായും നിലച്ച അവസ്ഥയിലാണെന്ന് വിവരാവകാശ മറുപടികൾ വ്യക്തമാക്കുന്നു. സ്ഥലസൗകര്യം ഇല്ലാത്തതിനാൽ ഷെൽട്ടർ സംവിധാനം ഒരുക്കാനാകുന്നില്ലെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ വിശദീകരണം. ഷെൽട്ടർ ഹോമിനായി ഒരുലക്ഷം രൂപ തനത് ഫണ്ടിൽ നിന്ന് നീക്കിവയ്ക്കണമെന്നാണ് നിർദ്ദേശം.
1. എ.ബി.സി പദ്ധതി
തെരുവുനായകളുടെ അനിയന്ത്രിതമായ പ്രജനനം തടയുന്നതിനായി 2016ലാണ് തദ്ദേശ സ്ഥാപനങ്ങൾ മുഖേന അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിക്ക് തുടക്കമിട്ടത്. തെരുവുകളിൽ അലയുന്ന നായകളെ കണ്ടെത്തി വന്ധ്യംകരിക്കുകയും മുറിവ് ഉണങ്ങിയ ശേഷം പിടികൂടിയ സ്ഥലത്ത് തിരിച്ചുവിടുകയും ചെയ്യും. വന്ധ്യംകരണത്തിന് വൈദഗ്ദ്ധ്യമുള്ളവരെ നിയോഗിക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചതിന് ശേഷം പദ്ധതി നടത്തിപ്പിന് മറ്റുവഴികൾ തേടാൻ അധികൃതർ ക്യാര്യക്ഷമമായ ശ്രമം നടത്തിയില്ലെന്നും ആക്ഷേപമുണ്ട്.
2. അഭയകേന്ദ്രം
തെരുവുനായ വന്ധ്യംകരണ പദ്ധതിയോട് ചേർന്ന് തന്നെയാണ് സർക്കാർ ഷെൽട്ടർ ഹോം പദ്ധതിയും പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ പിടികൂടുന്ന നായ്ക്കളെ പാർപ്പിക്കാൻ എല്ലാ പഞ്ചായത്തിലും രണ്ട് ഷെൽട്ടർ ഹോം വീതം തുടങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നത്. തനത് ഫണ്ടിൽ നിന്ന് പണം നീക്കിവച്ചെങ്കിലും സ്ഥലം കണ്ടെത്താൻ കഴിയാത്തത് വെല്ലുവിളിയായി. ഒടുവിൽ ജില്ലക്കാകെ ഒരു ഷെൽട്ടർ ഹോം ഒരുക്കാമെന്ന് ജില്ലാ പഞ്ചായത്ത് നിശ്ചയിച്ചു. പഞ്ചായത്തുകളോട് ഇതിനായി നാലുലക്ഷം രൂപ നൽകാനും ആവശ്യപ്പെട്ടു. സ്ഥലം കണ്ടെത്തിയെങ്കിലും പ്രദേശവാസികൾ പ്രതിഷേധം ഉയർത്തിയതോടെ അതും നിലച്ചു.
3. ലൈസൻസ് നൽകൽ
വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷൻ നൽകിയാൽ നൽകുന്ന സർട്ടിഫിക്കേഷനാണ് ലൈസൻസ്. എന്നാൽ, രണ്ട് വർഷമായി ഇതും മുടങ്ങിയ മട്ടാണെന്ന് മനസിലാക്കുന്നത്