കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രോത്സവത്തിലെ ആന എഴുന്നള്ളിപ്പിൽ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ ആത്മാർത്ഥമായി പരിശ്രമിച്ചിരുന്നതായി ദേവസ്വം ഓഫീസർ രഘുരാമൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. എന്നാൽ ദൂരപരിധി നിശ്ചയിച്ച് ആനകളുടെ എണ്ണം കുറയ്‌ക്കുന്നതിനെ പ്രദേശവാസികളും ഒരു വിഭാഗം ഭക്തരും എതിർത്തു. താൻ ആചാരലംഘനത്തിന് ശ്രമിക്കുന്നതായി ആരോപിച്ചു. നാലാംദിനമായ ഡിസംബർ 2ന് ജനത്തിരക്കേറുകയും അപ്രതീക്ഷിതമായി മഴ പെയ്യുകയും ചെയ്തതോടെ നിയന്ത്രണങ്ങളിൽ വീഴ്ചയുണ്ടായി. അതിന് നിരുപാധികം മാപ്പുചോദിക്കുന്നതായും രഘുരാമന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.
ഭക്തർ പ്രതിഷേധിച്ചിട്ടും ഉത്സവത്തിന്റെ ആദ്യ മൂന്ന് ദിനങ്ങളിലും കോടതി ഉത്തരവ് പാലിക്കാൻ കഴിഞ്ഞു. നാലാം ദിനം തൃക്കേട്ട പുറപ്പാടിന് അഭൂതപൂർവമായ തിരക്കായിരുന്നു. കാണിക്കവഴിപാടിന് ഭക്തരുടെ നീണ്ട നിര രൂപപ്പെട്ടു. മേളത്തിന്റെ സമയക്രമം മാറ്റി തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ചു. കനത്ത മഴ പെയ്തതോടെ വരിനിന്നവരടക്കം ചിതറി. ഇതോടെ സുരക്ഷ ഉറപ്പാക്കാനാണ് തെക്കും വടക്കുമായി നിന്നിരുന്ന ആനകളെ കൂട്ടത്തോടെ പന്തലിന്റെ ഒരുഭാഗത്തേക്ക് മാറ്റിയത്.
കോടതി നിർദ്ദേശങ്ങൾ പലതവണ ഓർമ്മിപ്പിച്ചിട്ടും താൻ അവഗണിച്ചെന്ന വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ വാദം തെറ്റാണ്. ആറാട്ട് ദിനത്തിൽ 15 ആനകൾ ഉണ്ടാകാറുണ്ടെങ്കിലും ഇക്കുറി അഞ്ച് ആനകളെ മാത്രമാണ് അണിനിരത്തിയത്. കോടതി വിധി ലംഘിക്കാൻ ബോധപൂർവമായ ശ്രമം ഉണ്ടായിട്ടില്ലെന്നും തനിക്കെതിരായ നടപടികൾ അവസാനിപ്പിക്കണമെന്നും രഘുരാമൻ അപേക്ഷിച്ചു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വിഷയം ഇന്ന് വീണ്ടും പരിഗണിക്കും.
മാർഗ നിർദ്ദേശത്തിനെതിരെ
ചീഫ് ജസ്റ്റിസിന് നിവേദനം
കൊച്ചി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ മാർഗനിർദ്ദേശങ്ങൾ അപ്രായോഗികമാണെന്നു ചൂണ്ടിക്കാട്ടി ക്ഷേത്രോത്സവ കമ്മിറ്റികളുടെയും പരമ്പരാഗത ഉത്സവങ്ങളെ പിന്തുണയ്‌ക്കുന്നവരുടെയും കൂട്ടായ്മ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിവേദനം നൽകി. നിലവിലെ മാർഗനിർദേശങ്ങൾ കേരളത്തിന്റെ പൈതൃകത്തെ നശിപ്പിക്കും. നിഷ്പക്ഷത ഉറപ്പാക്കാൻ ഹർജി പരിഗണിക്കുന്ന ബെഞ്ച് പുന:സംഘടിപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കേസിന് പിന്നിൽ പ്രവർത്തിക്കുന്ന സംഘടനയ്‌ക്ക് വിദേശ സഹായമുണ്ടെന്നും നിവേദനത്തിൽ ആരോപണമുണ്ട്.