 
പറവൂർ: കെടാമംഗലം സദാനന്ദൻ സ്മാരക കലാസാംസ്കാരികവേദി ഏർപ്പെടുത്തിയ കെടാമംഗലം സദാനന്ദൻ സ്മാരക അവാർഡുകൾ പ്രഖ്യാപിച്ചു. നാടകരംഗത്തെ മികവിനുള്ള ശ്രേഷ്ഠകലാനിധി പുരസ്കാരത്തിന് വത്സൻ നിസരി അർഹനായി. കാഥികൻ കണ്ണൂർ രത്നകുമാർ (കാഥികരത്ന), നാടക രംഗത്ത് നിന്ന് അലിയാർ മാക്കിയിൽ (കലാശ്രേഷ്ഠ), നൃത്തരംഗത്തെ മികവിന് പറവൂർ ശശികുമാർ (നാട്യശ്രീ) എന്നിവരും അവാർഡ് നേടി. കഥാപ്രസംഗ പരിപോഷകനുള്ള പുരസ്കാരം കെ.പി. സജിനാഥിനു ലഭിച്ചു.
ആലപ്പി ഋഷികേശ്, സൂരജ് സത്യൻ, പുളിമാത്ത് ശ്രീകുമാർ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഏപ്രിൽ 12ന് പറവൂരിൽ നടക്കുന്ന കെടാമംഗലം സദാനന്ദൻ അനുസ്മരണ സമ്മേളനത്തിൽ സമർപ്പിക്കും.
കെടാമംഗലം സദാനന്ദന്റെ ഒരു വർഷം നീളുന്ന ജന്മശതാബ്ദി ആഘോഷത്തിനും തുടക്കമാകുമെന്ന് പത്രസമ്മേളനത്തിൽ സൂരജ് സത്യൻ, ഒ.യു. ബഷീർ, വിനോദ് കെടാമംഗലം, മനോജ് കെടാമംഗലം, സിനീഷ് ചന്ദ്രൻ കെടാമംഗലം എന്നിവർ പറഞ്ഞു.