
കൊച്ചി: തിരുവനന്തപുരം ഡിവിഷനിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗ്. എറണാകുളം ടൗൺ, ഏറ്റുമാനൂർ, ചങ്ങനാശേരി, കായംകുളം ജംഗ്ഷൻ, കൊല്ലം ജംഗ്ഷൻ, വർക്കല റെയിൽവേ സ്റ്റേഷനുകളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളാണ് വിലയിരുത്തിയത്.തിരുവനന്തപുരം ഡി.ആർ.എം ഡോ. മനീഷ് തപല്യാൽ, എറണാകുളം കൺസ്ട്രക്ഷൻ ഓർഗനൈസേഷൻ, തിരുവനന്തപുരം ഗതിശക്തി യൂണിറ്റ് എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. എറണാകുളം ടൗൺ, കൊല്ലം ജംഗ്ഷൻ സ്റ്റേഷനുകളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രധാന പുനർവികസന പ്രവർത്തനങ്ങളും ഏറ്റുമാനൂർ, ചങ്ങനാശേരി, കായംകുളം ജംഗ്ഷൻ, വർക്കല എന്നിവിടങ്ങളിലെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിലുള്ള പുനർവികസനവും ജി.എം. പരിശോധിച്ചു. ഇവ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.