പള്ളുരുത്തി: എസ്.ഡി.പി.വൈ ബോയ്സ് സ്കൂളിന്റെ ത്രൈമാസ വാർത്താപത്രം ധർമ്മഭേരിയുടെ രണ്ടാംലക്കം പുറത്തിറങ്ങി. വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ആദ്യകോപ്പി കെ.ജെ. മാക്സി എം.എൽ.എയ്ക്ക് കൈമാറി. സ്കൂളിൽ നടക്കുന്ന മൂന്നുമാസത്തെ പ്രവർത്തനങ്ങളാണ് ഓരോ ലക്കത്തിലും പ്രസിദ്ധീകരിക്കുന്നത്. അക്കാഡമിക് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രവർത്തനങ്ങളും അക്കാഡമിക് നേട്ടങ്ങളുമെല്ലാം പത്രത്തിലെ വാർത്തകളാണ്. പത്രത്തിന്റെ പിന്നിൽ ലിറ്റിൽ കൈറ്റ്സിലെ കുട്ടികളാണ്. എഡിറ്റോറിയൽ ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. സ്കൂളിൽ നടക്കുന്ന ഓരോ പ്രവർത്തനങ്ങളെക്കുറിച്ചും റിപ്പോർട്ട് തയ്യാറാക്കി അദ്ധ്യാപകരുടെ നേതൃത്വത്തിൽ എഡിറ്റ് ചെയ്ത് പത്രത്തിൽ ഉൾപ്പെടുത്തുന്നു. ഫോട്ടോ എടുക്കുന്നതും കുട്ടികൾ തന്നെയാണ്. ജൂൺ - ആഗസ്റ്റ്, സെപ്തംബർ - നവംബർ എന്നീ രണ്ട് ലക്കങ്ങളാണ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ളത്.