കൊച്ചി: കൊച്ചിയിലെ കായികതാരങ്ങളുടെ സ്വപ്നങ്ങൾക്ക് കരുത്തേകിയ അംബേദ്കർ സ്റ്റേഡിയം മുഖംമിനുക്കി പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുന്നു. സ്റ്റേഡിയം നവീകരിച്ച് ‘മിനി സ്‌പോർട്‌സ് സിറ്റി’ സ്ഥാപിക്കാനുള്ള പദ്ധതി വിശാലകൊച്ചി വികസന അതോറിറ്റി രണ്ടു ഘട്ടങ്ങളിലായി നടപ്പാക്കും. സ്‌റ്റേഡിയത്തിന്റെ നിർമ്മാണം ആരംഭിച്ചത് നഗരസഭയാണെങ്കിലും പിന്നീട് ജി.സി.ഡി.എ ഏറ്റെടുക്കുകയായിരുന്നു.

എഴുപതുകളുടെ ആദ്യം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ഏഴേക്കറിൽ നിർമ്മിച്ച സ്‌റ്റേഡിയം വർഷങ്ങളായി ജീർണാവസ്ഥയിലാണ്. നിർമ്മാണങ്ങൾക്ക് മുന്നോടിയായി ഗ്യാലറികൾ പൊളിക്കുന്നത് അവസാനഘട്ടത്തിലാണ്.

സന്തോഷ്‌ട്രോഫി ഉൾപ്പെടെ നിരവധി ഫുട്ബാൾ ടൂർണമെന്റുകൾക്ക് സ്റ്റേഡിയം വേദിയായിട്ടുണ്ട്. സച്ചിൻ ടെൻഡുൽക്കർ മുതൽ ഐ.എം. വിജയൻവരെ ആവേശംനിറച്ച ഗ്യാലറിയുടെ പൊളിച്ചുനീക്കൽ പണി 15 ദിവസത്തിനുള്ളിൽ പൂർത്തിയാകും.

ആധുനിക സൗകര്യങ്ങളോടെയാണ് സ്റ്റേഡിയം പുനർനിർമ്മിക്കാൻ ജി.സി.ഡി.എ ഒരുങ്ങുന്നത്. രൂപരേഖ പൂർത്തിയായി. ഒരാഴ്ചയ്ക്കുള്ളിൽ പുറത്തുവരും. പദ്ധതിക്കായി മതിയായ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് ശേഷിക്കുന്ന ജോലികൾ പൂർത്തീകരിക്കും.

പദ്ധതിക്കുവേണ്ടി സാമൂഹിക ഉത്തരവാദിത്വ (സി.എസ്.ആർ) ഫണ്ട് കണ്ടെത്താൻ ജി.സി.ഡി.എ പദ്ധതിയിടുന്നുണ്ട്, ബി.പി.സി.എൽ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുമായി ചർച്ചകളും നടത്തിവരികയാണ്. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് പദ്ധതി രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കും.

ആധുനിക സ്റ്റേഡിയം

* നിലവിലുള്ള ഫുട്‌ബാൾ ടർഫ് പുതുക്കിപ്പണിയും.

* ടർഫ് റെയിൽവേ ട്രാക്കിന്റെ വശത്ത് സ്ഥാപിക്കും.

* ഫുട്ബാൾ ടർഫിനോടുചേർന്ന് നിർമ്മിക്കുന്ന സമുച്ചയത്തിൽ ക്രിക്കറ്റ് നെറ്റ്, ഹോക്കി ഫീൽഡ്, വോളിബാൾ കോർട്ട്, ബാസ്‌കറ്റ്‌ബാൾ കോർട്ട്, നീന്തൽക്കുളം, ജിംനേഷ്യം, ഇൻഡോർ സ്റ്റേഡിയം (ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്) തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.

* സമുച്ചയത്തിൽ 200 മീറ്റർ റണ്ണിംഗ് ട്രാക്കും സൈക്ലിംഗിനുള്ള ട്രാക്കും നിർമ്മിക്കും.

* സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ഡോർമിറ്ററികൾ, ലോക്കറുകൾ, മെഡിക്കൽ റൂം, കഫറ്റീരിയ, ലൈറ്റിംഗ് സംവിധാനങ്ങൾ, ടോയ്‌ലെറ്റ് സൗകര്യം, പാർക്കിംഗ് ഏരിയ എന്നിവ ഉണ്ടാകും.

നടപ്പാക്കുന്നത് രണ്ട് ഘട്ടങ്ങളായി

ആകെ ചെലവ് 96 കോടി

ആദ്യഘട്ടത്തിൽ 25 കോടി

ഗാലറിയിലെ ഇരിപ്പിടം 10,000

ആദ്യ ഘട്ടത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബാൾ ടർഫ് നിർമ്മിക്കും. മഴക്കാലത്ത് സ്റ്റേഡിയം പരിസരം വെള്ളത്തിനടിയിലാകാതിരിക്കാൻ ഡ്രെയിനേജ് സംവിധാനവും സ്ഥാപിക്കും. മൂന്ന് മാസത്തിനുശേഷം പദ്ധതി ആരംഭിക്കും

ജി.സി.ഡി.എ