കാക്കനാട്: കൗൺസിലറെ അയോഗ്യയാക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ തൃക്കാക്കര നഗരസഭാ കൗൺസിലിൽ ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോരും ബഹളവും. കെന്നഡിമുക്ക് ഡിവിഷനിൽ നിന്നുള്ള യു.ഡി.എഫ് കൗൺസിലറും മുൻനഗരസഭാദ്ധ്യക്ഷയുമായ അജിതാ തങ്കപ്പൻ തുടർച്ചയായി കൗൺസിൽ യോഗങ്ങളിലും അവർ അംഗമായ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതിയിലും പങ്കെടുക്കാതിരുന്നതി
നെതുടർന്നാണ് അയോഗ്യയാക്കപ്പെട്ടത്.
ഇന്നലെ ചേർന്ന നഗരസഭാ കൗൺസിലിൽ വച്ചു തന്നെ അജിതാ തങ്കപ്പനെ തിരികെയെടുക്കണമെന്ന നിലപാടിൽ ഭരണകക്ഷിയിലെ യു.ഡി.എഫ് അംഗങ്ങൾ ഉറച്ചുനിന്നതോടെ പ്രതിപക്ഷ കൗൺസിലർമാരും സ്വതന്ത്ര കൗൺസിലർമാരും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
അയോഗ്യതാ വിവരം കൗൺസിലിൽ റിപ്പോർട്ടു ചെയ്തശേഷം അടുത്ത കൗൺസിലിൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയെന്നതാണ് ചട്ടമെന്ന് നഗരസഭാ സെക്രട്ടറി പറഞ്ഞെങ്കിലും യു.ഡി.എഫ് അംഗങ്ങൾ സമ്മതിച്ചില്ല. തുടർന്ന് അജിതയെ തിരിച്ചെടുത്തതായി പ്രഖ്യാപിച്ച് പിരിയുകയും ചെയ്തു.
അതേസമയം അയോഗ്യതാവിവരം റിപ്പോർട്ടുചെയ്ത ദിവസം തന്നെ കൗൺസിലറെ തിരിച്ചെടുത്തതായി ചൂണ്ടിക്കാട്ടി തങ്ങൾ കോടതിയെ സമീപിച്ചാൽ അജിതാ തങ്കപ്പന്റെ അയോഗ്യതാ വിഷയത്തിൽ പരിഹാരം കാണാൻ വീണ്ടും കാലതാമസം വരുമെന്നാണ് പ്രതിപക്ഷവാദം. പ്രതിപക്ഷനേതാവ് ചന്ദ്രബാബു, ഉപനേതാവ് കെ.എക്സ്. സൈമൺ, ജിജോ ചിങ്ങംതറ, പി.സി. മനൂപ്, അജ്നാ ഹാഷിം, റസിയ നിഷാദ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.