noushad

വൈപ്പിൻ: ലഹരി കേസുകളടക്കം ഒട്ടേറെ കേസുകളിലെ പ്രതിയും വൈപ്പിൻകരയിലെ കഞ്ചാവ് വിതരണത്തിന്റെ മുഖ്യ കണ്ണിയുമായ ഇട്ടി നൗഷാദ് എന്നറിയപ്പെടുന്ന വടക്കൻ പറവൂർ മന്നം പനച്ചിക്കൽ വീട്ടിൽ ഹംസയുടെ മകൻ നൗഷാദിനെ ഞാറക്കൽ എക്‌സൈസ് ഇൻസ്‌പെക്ടർ മനോജ് കുമാറും സംഘവും പിടികൂടി. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന പ്രത്യേക പരിശോധനകൾക്കിടയിൽ പറവൂർ ഭാഗത്തുനിന്ന് സ്‌കൂട്ടറിൽ കഞ്ചാവ് വിതരണത്തിനായി കടത്തിക്കൊണ്ടുവരവേ എക്‌സൈസ് സംഘത്തെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇയാളെ പിടികൂടി പരിശോധിച്ചപ്പോൾ 250 ഗ്രാം കഞ്ചാവ് കൈയിൽ നിന്നും വാഹനത്തിൽ നിന്നുമായി കണ്ടുകിട്ടി. തുടർന്ന് ഇയാൾ താമസിച്ചിരുന്ന പറവൂർ മന്നം ഭാഗത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു കിലോ കഞ്ചാവ് കൂടി കണ്ടെടുത്തു. ഇയാൾക്കെതിരെ ഞാറക്കൽ, പറവൂർ പൊലീസ് സ്റ്റേഷനുകളിലായി 20 ലധികം കേസുകൾ ഉണ്ട്. ഇയാളുടെ ഫോൺ കോളുകളും കഞ്ചാവിന്റെ ഉറവിടവും എക്‌സൈസ് പരിശോധിച്ച് വരികയാണ്. അന്വേഷണ സംഘത്തിൽ പറവൂർ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ഷോജോ വർഗീസ്,​ എക്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർമാരായ ഹാരിസ്, ഷിബു, പ്രിവന്റീവ് ഓഫീസർ ഷൈൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ രതീഷ്, സാബു, ദീപു ദേവദാസ്, മുഹമ്മദ് വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ജീമോൾ എന്നിവരും ഉണ്ടായിരുന്നു.