road
ആലുവ - മൂന്നാർ റോഡിൽ ആലുവ പൊലീസ് സ്റ്റേഷൻ മുതൽ ട്രാഫിക് സ്റ്റേഷൻ വരെയുള്ള ഭാഗത്ത് ഇരുവശങ്ങളിലുമായി നിരത്തിയിട്ടിരിക്കുന്ന പൊലീസിന്റെ 'തൊണ്ടി' വാഹനങ്ങൾ

ആലുവ: ആലുവ - മൂന്നാർ റോഡിൽ ആലുവ പൊലീസ് സ്റ്റേഷൻ മുതൽ ട്രാഫിക് സ്റ്റേഷൻ വരെയുള്ള ഭാഗത്ത് ഇരുവശങ്ങളിലുമായി പാർക്ക് ചെയ്തിരിക്കുന്ന പൊലീസിന്റെ 'തൊണ്ടി' വാഹനങ്ങൾ നീക്കം ചെയ്യണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻെറ നിർദ്ദേശം.
താലൂക്ക് വികസന സമിതി അംഗം പ്രിൻസ് വെള്ളറയ്ക്കൽ നൽകിയ നിവേദനത്തെ തുടർന്നാണ് നിർദേശം. പൊലീസും ട്രാഫിക് പൊലീസും പിടികൂടുന്ന ബസ്, ലോറി അടക്കമുള്ള വാഹനങ്ങൾ സബ് ജയിൽ റോഡിലാണ് പാർക്ക് ചെയ്യുന്നത്. നേരത്തെ മാദ്ധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ഇടപെട്ട് ഇവ കളമശേരി ക്യാമ്പ് വളപ്പിലേക്ക് നീക്കിയിരുന്നു. എന്നാൽ വീണ്ടും പഴയപടിയായി.

ആവശ്യത്തിലേറെ വീതിയിൽ പൊതുമരാമത്ത് വകുപ്പ് നടപ്പാത പണിതതോടെയാണ് വാഹനയാത്രക്കാർക്ക് ദുരിതമായത്. നടപ്പാത വാഹനങ്ങളുടെ മറ കാരണം ആളുകൾ ഉപയോഗിക്കുന്നുമില്ല. ഇരുചക്ര വാഹനങ്ങൾ അടക്കമുള്ള വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുവാൻ ബുദ്ധിമുട്ടുകയാണ്. വാഹനം ഓടിക്കുന്നവരുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ നിയമ നടപടി പൂർത്തികരിച്ച് മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന രണ്ട് പൊതുമരാമത്ത് ഓഫീസുകൾക്ക് ഏക്കർകണക്കിന് സ്ഥലം കൈവശമുണ്ട്. കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ ഇവിടേയ്ക്ക് മാറ്റണമെന്ന് നാട്ടുകാരും പറയുന്നു.