ആലുവ: കാലടി - മലയാറ്റൂർ തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള റോഡിലെ കൈയേറ്റം കണ്ടെത്താനായി ആലുവ താലൂക്ക് വികസന സമിതി യോഗം പത്തംഗ ഉപസമിതിയെ നിയോഗിച്ചു. ഭൂരേഖ തഹസിൽദാർ, അങ്കമാലി പൊതുമരാമത്ത് ഉദ്യോഗസ്ഥൻ, സർവേയർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവരാണ് സമിതി അംഗങ്ങൾ. റോഡ് കൈയേറ്റക്കാർക്കായി വികസനം അട്ടിമറിച്ചെന്ന ആരോപണം ഭരണ, പ്രതിപക്ഷ ഭേദമെന്യേ ആലുവ താലൂക്ക് വികസന സമിതി യോഗത്തിൽ ചർച്ചയായതിനെ തുടർന്നാണ് ഉപസമിതിക്ക് വിടാൻ തീരുമാനമായത്. നാലു വർഷമായിട്ടും പൊതുമരാമത്ത് വകുപ്പ് സർവേ പൂർത്തിയാക്കാത്തത് കൈയേറ്റക്കാർക്ക് വേണ്ടിയാണെന്ന ആരോപണവും ഉയർന്നിരുന്നു. ടി.എം. വർഗീസ്, മുരളി പുത്തൻവേലി, ചാക്കോ മാർഷൽ, കൊച്ചു മീതിയൻ, പ്രിൻസ് വെള്ളറയ്ക്കൽ, ടി.ഡി. സ്റ്റീഫൻ എന്നിവരാണ് ഉപസമിതിയിലെ രാഷ്ട്രീയ പ്രതിനിധികൾ.