
രാജ്യ പുരോഗമനത്തിന് സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം പ്രധാനമെന്ന് നരേന്ദ്ര മോദി
കൊച്ചി: വികസിത ഭാരത സങ്കൽപ്പത്തിന്റെ അടിസ്ഥാനം സാമൂഹിക സുരക്ഷിതത്വവും സാമ്പത്തിക ശാക്തീകരണവും കൈമുതലായുള്ള സ്ത്രീ സമൂഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ പാനിപ്പത്തിൽ എൽ.ഐ.സി അവതരിപ്പിക്കുന്ന ബീമ സഖി യോജനയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
എൽ.ഐ.സി ആരംഭിച്ച ബീമ സഖി യോജനയിലൂടെ രാജ്യത്തെ സ്ത്രീകൾക്ക് മാന്യമായ വരുമാനം ലഭിക്കുന്നതിനുള്ള അവസരം നൽകുന്നു. സ്ത്രീകൾ സ്വയം പര്യാപ്തത കൈവരിക്കുന്നതിനോടൊപ്പം എല്ലാവർക്കും ഇൻഷുറൻസ് എന്ന ലക്ഷ്യം പൂർത്തീകരിക്കാനും ഇതിലൂടെ സാദ്ധ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ അധ്യക്ഷത വഹിച്ചു.
18 മുതൽ 70 വയസ് വരെയുള്ള സ്ത്രീകൾക്ക് പദ്ധതിയുടെ ഭാഗമാകാം. പത്താം ക്ലാസാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. എൽ.ഐ.സി ഏജന്റുമാരുടെയോ ജീവനക്കാരുടെയോ ബന്ധുക്കൾക്ക് ഇതിന്റെ ഭാഗമാകാനാകില്ല. ഏജന്റുമാരാകുന്ന സ്ത്രീകൾക്ക് പരിശീലന കാലയളവായ ആദ്യ മൂന്ന് വർഷം സാമ്പത്തിക-ഇൻഷ്വറൻസ് സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റൈപൻഡ് ലഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൽ.ഐ.സി ഏജന്റുമാരായി തുടരാം. ബിരുദമുള്ളവരെ എൽ.ഐ.സിയുടെ ഡെവലപ്പ്‌മെന്റ് ഓഫിസർ തസ്തികയിലേക്കും പരിഗണിക്കും.