കൊച്ചി: കാപ്പ ഉത്തരവ് ലംഘിക്കുകയും പൊലീസ് വാഹനത്തിന്റെ ചില്ലു തകർക്കുകയും ചെയ്ത പ്രതി പിടിയിൽ. മട്ടാഞ്ചേരി സ്വദേശി അൻസാമാണ് (അനു-28) മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ കഴിഞ്ഞമാസം കാപ്പ ചുമത്തി നാടുകടത്തിയതായി സിറ്റി പൊലീസ് കമ്മീഷണർ ഉത്തരവിറക്കിയിരുന്നു. കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ആറു മാസത്തേക്ക് കടക്കുവാനോ മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടുവാനോ പാടില്ലെന്നായിരുന്നു ഉത്തരവ്. എന്നാൽ ഉത്തരവ് ലംഘിച്ച ഇയാളെ തിങ്കളാഴ്ച രാത്രി വീണ്ടും മട്ടാഞ്ചേരിയിൽ കണ്ടതോടെ പൊലീസ് പിടികൂടുകയായിരുന്നു. പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ അക്രമാസക്തനായ പ്രതി തലകൊണ്ട് വാഹനത്തിന്റെ ചില്ല് തകർക്കുകയായിരുന്നു.
മട്ടാഞ്ചേരി പൊലീസ് സ്‌റ്റേഷനിലെയും കൊച്ചി സിറ്റിയിലെ മറ്റു സ്റ്റേഷനുകളിലെയും മോഷണം, ദേഹോപദ്രവം, കവർച്ച, മുതലുകൾ നശിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടുള്ളയാളാണ് അൻസാം. പലതവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാൾ പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് കാപ്പ നിയമപ്രകാരം നാടുകടത്തിയത്.