
ആലുവ: ശിവരാത്രി മണപ്പുറത്തു വച്ച് വിഷം കഴിച്ച സെക്യൂരിറ്റി ഗാർഡ് ചികിത്സയ്ക്കിടെ മരിച്ചു. ആലുവ തുരുത്ത് കിഴക്കേ വളപ്പിൽ രഘുനാഥ് (63) ആണ് ഇന്നലെ പുലർച്ചെ കളമശേരി മെഡിക്കൽ കോളേജിൽ മരിച്ചത്. അഞ്ച് ദിവസം മുമ്പാണ് മദ്യത്തിൽ വിഷം കലർത്തി കുടിച്ച് ആശുപത്രിയിലായത്. തുടർച്ചയായ ഛർദ്ദിയുണ്ടായത് മദ്യപിച്ചതിനെ തുടർന്നാണെന്നാണ് വീട്ടുകാർ കരുതിയത്. അടുത്ത ദിവസം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായി. യു.സി കോളേജിനടുത്തെ ഓഡിറ്റോറിയത്തിൽ സുരക്ഷാ ജീവനക്കാരനാണ്. റേഷൻ കടയിലെ സഹായിയായും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: സുമ. രണ്ട് ആൺമക്കൾ. ഒരാൾ വിദേശത്താണ്.