കൊച്ചി: ഇന്ത്യൻ വനിതകൾ സ്വയം നഗ്നരായി ആത്മഹത്യ ചെയ്യുമെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി. മൃതശരീരം അങ്ങനെ കണ്ടെത്തുന്നതു തന്നെ കൊലപാതക സൂചനയാണെന്നും ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാറും സി. പ്രദീപ്കുമാറും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.

പയ്യന്നൂരിലെ ലോഡ്ജിൽ അഴീക്കൽ പുളിക്കൽ വീട്ടിൽ ഷമ്മികുമാറിന്റെ ഭാര്യ രമ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവിന്റെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ചാണ് ഉത്തരവ്. യുവതിയെ മദ്യം നൽകി മയക്കിയശേഷം ഭർത്താവ് ഷാളിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെയും വിചാരണക്കോടതിയുടെയും കണ്ടെത്തൽ. ഷമ്മികുമാറിനും മൂന്നാം പ്രതിയായ അമ്മ പത്മാവതിക്കുമെതിരായ ഗാർഹിക പീഡനക്കുറ്റം ഒഴിവാക്കി അമ്മയെ വെറുതേ വിടുകയും ചെയ്തു. ഇരുവരും നൽകിയ അപ്പീലിലാണ് നടപടി.

ഭർത്താവിനും കുഞ്ഞിനുമൊപ്പം ലോഡ്ജിലെത്തിയ യുവതിയെ 2010 ജനുവരി 22നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹം മിക്കവാറും നഗ്നമായിരുന്നു. യുവാവും കുഞ്ഞും അപ്രത്യക്ഷരായതടക്കം സംശയാസ്പദമായ മറ്റ് സാഹചര്യങ്ങളുമുണ്ടായി. കൊലപാതക സൂചനകളുണ്ടെങ്കിലും ആത്മഹത്യയെന്ന വാദവും തള്ളാനാകില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോ‌ർട്ടിൽ സൂചിപ്പിച്ചിരുന്നു. ഇന്ത്യയിൽ ഒരു വനിതയും ശരീരം മറയ്‌ക്കാതെ ആത്മഹത്യ ചെയ്യില്ലെന്ന, പോസ്റ്റ്മോർട്ടം ചെയ്ത പൊലീസ് സർജന്റെ പരാമർശം കോടതി ഗൗരവത്തിലെടുത്തു.

ഒരു ഇന്ത്യൻ സ്ത്രീയും അല്പവസ്ത്രധാരിയായി കടലിൽച്ചാടി ജീവനൊടുക്കില്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണവും ഹൈക്കോടതി പരിഗണിച്ചു.

യു.എ.ഇയിൽ ജോലിചെയ്ത പ്രതിക്ക് ഭാര്യയുടെ ചാരിത്ര്യത്തിൽ സംശയമുണ്ടായി. സ്ത്രീധനത്തിനായി ഭർത്തൃവീട്ടുകാർ പീഡിപ്പിക്കുന്നതായി രമ്യ വനിതാ പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ വിരോധം വേറെയും. കൊലയ്‌ക്കു മുമ്പ് പ്രതി രഹസ്യമായി ഗൾഫിൽ നിന്നെത്തി ഭാര്യയെയും ഇളയമകളെയും ആരുമറിയാതെ കൂട്ടിക്കൊണ്ടുപോയി. പലസ്ഥലത്തും കറങ്ങിയ ശേഷമാണ് പയ്യന്നൂരിലെ എവറസ്റ്റ് ലോഡ്ജിൽ വ്യാജപേരിൽ മുറിയെടുത്തത്. കൊലയ്‌ക്കുശേഷം മുറി പുറത്തുനിന്ന് കുറ്റിയിട്ട് കുഞ്ഞുമായി കടന്നു. കുഞ്ഞിനെ രാത്രി ഭാര്യയുടെ വീട്ടുമുറ്റത്ത് കൊണ്ടുവച്ചു. ഇവരെ കണ്ടെത്തിയോ എന്ന് ഷമ്മികുമാർ ഭാര്യാപിതാവിനെ വിളിച്ച് തിരക്കുകയും കുഞ്ഞ് അവ‌രുടെ പക്കലെത്തിയെന്ന് ഉറപ്പിക്കുകയും ചെയ്തു. തുടർന്ന് ഗൾഫിലേക്ക് കടന്ന പ്രതിയെ പൊലീസ് തിരിച്ചെത്തിച്ചാണ് അറസ്റ്റ് ചെയ്തത്.