smartcity

ൻഫർമേഷൻ ടെക്‌നോളജിയിൽ കുതിച്ചു ചാട്ടവുമായാണ് പുതു സഹസ്രാബ്ദം പിറന്നത്. ഇന്റർനെറ്റും ഇമെയിലുമെല്ലാം സാധാരണക്കാരെ ആദ്യമൊന്ന് അമ്പരപ്പിച്ചെങ്കിലും ഞൊടിയിടയിൽ ജനകീയമായി. ഗൂഗിളും ആപ്പിളും ഫേസ്ബുക്കുമടക്കം ഐ.ടിയുടെ ജനപ്രിയ സാദ്ധ്യതകളുമായി സിലിക്കൺ വാലിയായ കാലിഫോർണിയ മുന്നിൽ നിന്നു നയിച്ചു. കേരളത്തിൽ നിന്നടക്കം മിടുമിടുക്കരായ കമ്പ്യൂട്ടർ, ഇലക്ട്രോണിക്‌സ് എൻജിനീയർമാർ അമേരിക്കയിലേക്ക് ചേക്കേറി. മറ്റ് ടെക്കികൾക്കും രാപ്പാർക്കാൻ ഹബ്ബുകൾ ഉണ്ടായിരുന്നു. കേരളത്തിലെ ടെക്‌നോപാർക്കിനേക്കാൾ, ഇൻഫോപാർക്കിനെക്കാൾ അവർ ബാംഗ്ലൂരും ഹൈദരാബാദുമുള്ള അവസരങ്ങൾ തിരഞ്ഞെടുത്തു. ബാംഗ്ലൂരാകട്ടേ ടെക്കികളുടെ ഒരു മിനി മലയാളമായി മാറുകയും ചെയ്തു.

ഈ ഘട്ടത്തിൽ, സാദ്ധ്യതകളുടെ അഞ്ചു വർഷമെങ്കിലും കടന്നുപോയ ശേഷമാണ് കൊച്ചിയെ ദുബായ് ഇന്റർനെറ്റ് സിറ്റി പോലെ ഒരു ഐ.ടി. നഗരമാക്കാമെന്ന വാഗ്ദാനവുമായി ഗൾഫ് സംരംഭകർ എത്തുന്നത്. 2005 കാലഘട്ടത്തിൽ ഇതോടെ ഉത്സവമേളമായി. പ്രവർത്തനം തുടങ്ങി 10വർഷത്തിനകം 90,000 തൊഴിലവസരങ്ങൾ എന്നതായിരുന്നു മുഖ്യ ആകർഷണം. കേരളത്തിന്റെ ബ്രെയിൻ ഇവിടെത്തന്നെ നിൽക്കും. പുതുതലമുറയുടെ ബുദ്ധി പുറത്തേയ്ക്ക് ഒഴുകില്ല. കൊച്ചി സ്മാർട്ട്‌സിറ്റിയേപ്പറ്റി വാഴ്ത്തുപാട്ടുകൾ അലയടിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും ചർച്ചകൾക്കായി ദുബായ്ക്ക് പറന്നു. കാക്കനാട് ഇൻഫോപാർക്ക് പരിസരത്തെ 246 ഏക്കർ ഭൂമി കണ്ടുവച്ചു. സർക്കാർ ഉടമസ്ഥതതയിലുള്ള ഇൻഫോപാർക്കടക്കം പദ്ധതി നടത്തിപ്പുകാരായ ടീകോമിന് തീറെഴുതുന്ന വിധം അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ കരാർ വച്ചു. ഭൂമി വികസിപ്പിച്ച് കെട്ടിട സമുച്ചയങ്ങളും അടിസ്ഥാന സൗകര്യങ്ങളും നൽകി ലോകോത്തര കമ്പനികളെ എത്തിക്കുമെന്നായിരുന്നു വാഗ്ദാനം. സർക്കാരിന് ഓഹരി പങ്കാളിത്തവും.
എന്നാൽ മാസങ്ങൾക്കകം ഫൗൾ മണത്തു. ടീകോമിന് റിയൽ എസ്റ്റേറ്റ് താത്പര്യമാണെന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ തുറന്നടിച്ചു. ഇൻഫോപാർക്ക് വിട്ടുകൊടുക്കാൻ സമ്മതിക്കില്ലെന്നും ഭൂമിക്ക് വിപണി വില വാങ്ങണമെന്നും ശഠിച്ചു. ഈ നിലപാടിന് നല്ല പിൻതുണ ലഭിക്കുകയും ചെയ്തു. തൊട്ടടുത്ത വർഷം വി.എസ്. അധികാരത്തിലെത്തി. ഇൻഫോപാർക്ക് സർക്കാർ ഉടമസ്ഥതയിൽ നിലനിറുത്തുന്ന വിധം കരാർ പൊളിച്ചെഴുതി. സ്മാർട്ട്‌സിറ്റിയിൽ സർക്കാരിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ പ്രത്യേക ടീമിനെ വച്ചു. അതേസമയം, മുൻ നിലപാടിന് വ്യത്യസ്തമായി ഭൂമി സൗജന്യമായി വിട്ടു നൽകി. എങ്കിലും പല പ്രതിസന്ധികളിലും തട്ടി സ്മാർട്ട്‌സിറ്റി ഇഴഞ്ഞു. പ്രവർത്തന സജ്ജമാകുമെന്നു പറഞ്ഞ സമയത്ത് തറക്കല്ലിടാൻ പോലും കഴിഞ്ഞില്ല. ഒടുവിൽ ലോകം എ.ഐ. യുഗത്തിലെത്തിയപ്പോൾ അങ്ങോട്ടു നഷ്ടപരിഹാരം നൽകി പദ്ധതി തിരിച്ചെടുക്കേണ്ട ഗതികേടിലായിരിക്കുന്നു. കൊച്ചി സ്മാർട്ട് സിറ്റിയിൽ ഇപ്പോൾ ഉള്ളത് വിരലിലെണ്ണാവുന്ന സ്ഥാപനങ്ങൾ മാത്രം. പിന്നോട്ടുപോക്കിന്റെ 20 വർഷങ്ങൾ!

വാണിംഗുകൾ അവഗണിച്ചു

സ്മാർട്ട്സിറ്റിക്ക് പിന്നിൽ റിയൽ എസ്റ്റേറ്റ് താത്പര്യമാണെന്ന അന്നത്തെ പ്രസ്താവന തന്നെയായിരിക്കണം, പദ്ധതിയുടെ ഭാവി സംബന്ധിച്ച ഏറ്റവും വലിയ പ്രവചനം. കാര്യങ്ങൾ ആ വഴിയ്ക്കാണ് നീങ്ങിയിരുന്നത്. 2014ലെ സി.എ.ജി. റിപ്പോർട്ടിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ അക്കമിട്ടുനിരത്തി. പദ്ധതിയുടെ ഓരോഘട്ടത്തിലും ടീകോം കാലതാമസം വരുത്തിയെന്നും സ‌ർക്കാർ അവർക്ക് അനാവശ്യമായ ആനുകൂല്യങ്ങളാണ് നൽകിയതെന്നും ചൂണ്ടിക്കാട്ടി. വിപണിമൂല്യം വാങ്ങാതെ ഭൂമി പാട്ടത്തിന് നൽകി, ഫ്രെയിംവർക്ക് കരാറിൽ വെള്ളം ചേർത്തതിനാൽ സർക്കാർ നോക്കുകുത്തിയായി.

കരാറിൽ പേന കൊണ്ട് തിരുത്തൽ വരുത്തിയതും സി.എ.ജി. കണ്ടെത്തിയിരുന്നു. 90,000 തൊഴിൽ സൃഷ്ടിക്കുമെന്ന വാചകത്തിൽ ' അതിനായി പരിശ്രമിക്കും' എന്ന വാക്കുകളാണ് കുത്തിത്തിരുകിയത്. ഇതിൽ വാക്കുമാറിയാൽ പിഴ ഈടാക്കാൻ വ്യവസ്ഥയില്ല. ടീകോമിന് അനുകൂലവും സർക്കാരിന് എതിരുമാണ് വ്യവസ്ഥകൾ. സാദ്ധ്യതാ പഠനമൊന്നുമില്ലാതെ ദുബായിൽ ഒരു എക്സിബിഷനിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്. പങ്കാളിയായി ടീകോം ഇൻവസ്റ്റ്മെന്റ്സിനെ നിയോഗിച്ചത് സുതാര്യമായല്ലെന്നും സി.എ.ജി വിമർശിച്ചിരുന്നു. എന്നാൽ ഇതിൽ നിന്നൊന്നും തിരിച്ചറിവില്ലാതെ പദ്ധതി വീണ്ടും 10 വർഷംകൂടി മുന്നോട്ടുപോയി.

ഇനിയെങ്കിലും ഭാവിയെ കരുതണം

എന്തിനും കമ്മിറ്റിയെ വച്ച് സമയം കളയുന്ന രീതി തുടരുകയാണ് സർക്കാർ. സ്മാർട്ട്സിറ്റിയിൽ നിന്ന് പിന്മാറുന്നതിനുള്ള നയം തീരുമാനിക്കാനും മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഭാവിയിൽ എന്തു ചെയ്യാൻ കഴിയുമെന്നതിൽ കമ്മിറ്റിയുടെ കൂടി നിർദ്ദേശം വന്നതിന് ശേഷം തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരിക്കുന്നത്. ടീകോമിന് നഷ്ടപരിഹാരം നൽകുന്നതായി കണക്കാക്കേണ്ടതില്ല. അവരുടെ ഓഹരി വിലയാണ് തിരിച്ചുനൽകുന്നത്. കാക്കനാട് സ്മാർട്ട്സിറ്റിയിലെ സ്ഥലവും കെട്ടിടങ്ങളും പൊതുമേഖലയിൽത്തന്നെ നിലനിറുത്തുമെന്നും ഐ.ടി. വികസനത്തിനായിത്തന്നെ പ്രയോജനപ്പെടുത്തുമെന്നുമാണ് വിശദീകരണം.

അതേസമയം, 20 വർഷം പിന്നിൽ നിന്നുകൊണ്ടാണ് സർക്കാർ വീണ്ടും ഐ.ടി. വികസനത്തേക്കുറിച്ച് സംസാരിക്കുന്നത്. ഇത്രയും നാൾ കൊണ്ട് ഒരുപാട് സംഭവവികാസങ്ങളുണ്ടായി. ഡസ്ക്‌ടോപ്പിനും ലാപ്ടോപ്പിനും സ്മാർ‌ട്ട്ഫോണിനും പിന്നാലെ എ.ഐയുടെ കാലമായി. ലോകത്തെവിടേയുമിരുന്ന് ജോലി ചെയ്യാവുന്ന സ്ഥിതിയായി. കുളിച്ചു കുറിതൊട്ട് രാവിലെ ഓഫീസിലെത്തുന്ന പഴയ ശൈലിക്ക് പല മേഖലയിലും മാറ്റം വന്നു. പല ജോലികളും ചാറ്റ്ബോട്ടുകളെ ഏൽപിച്ച് വെറുതേയിരുന്നാൽ മതിയെന്നായി. കേരളത്തിൽ നിന്നിട്ടു കാര്യമില്ലെന്ന പല്ലവി പൂർവാധികം ശക്തമാവുകയും ചെയ്തു. യുവതലമുറ വ്യത്യസ്തമായ കോഴ്സുകൾ ഏറ്റെടുത്ത് കാനാഡയിലും യൂറോപ്പിലും ഓസ്ട്രേലിയൻ ഉപഭൂഖണ്ഡത്തിലുമെല്ലാം പുതിയ മേച്ചിൽപ്പുറങ്ങൾ തേടി. പലരും തിരിച്ചിങ്ങോട്ടില്ലാത്ത വിധം മറുനാട്ടിലെ പൗരന്മാരായി. കേരളത്തിൽ തുടരാൻ ശ്രമിക്കുന്ന ബി.ടെക്കുകാരും മറ്റും അവസരങ്ങളില്ലാതെ ചുറ്റിത്തിരിയുന്ന അവസ്ഥയായി. ഈ സാഹചര്യത്തിൽ, സർക്കാർ തിരിച്ചുപിടിക്കുന്ന സ്മാർട്സിറ്റിയിൽ നൂതന കാലത്തിനനുസൃതമായ പദ്ധതികളാണ് ആവിഷ്കരിക്കേണ്ടത്. നടത്തിപ്പിന് വിശ്വാസ്യത മുഖമുദ്രയാക്കുകയും വേണം.