
കൊച്ചി: പൊലീസിൽ ജോലിയുടെ സമ്മർദ്ദവും തിരക്കും ഡിവൈ.എസ്.പി നവാസിന് തിരക്കഥ എഴുതാൻ തടസമല്ല. ടെൻഷൻ ഒഴിവാക്കാൻ പറ്റിയ മാർഗം. പൂർത്തിയാക്കിയ രണ്ട് തിരക്കഥകൾ ഉടൻ സിനിമയാകും. മൂന്നാമത്തേത് പണിപ്പുരയിലും. അഞ്ച് സിനിമകളിലും വേഷമിട്ടു. സി.ഐയായിരിക്കെ ജോലി സമ്മർദ്ദം കാരണം നവാസ് നാടുവിട്ടത് വാർത്തയായിരുന്നു. തിരിച്ചെത്തിയ ശേഷം പഠനകാലത്തെ എഴുത്തിന്റെ വഴിയിൽ വീണ്ടുമെത്തുകയായിരുന്നു.
പഠനകാലത്ത് കഥയും കവിതയും എഴുതിയിരുന്നത് തിരക്കഥ എഴുത്തിന് കരുത്തായി. ഇപ്പോൾ എറണാകുളം റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയാണ് ചേർത്തല തുറവൂർ സ്വദേശിയായ വി.എസ്.നവാസ്. നേരത്തെ എഴുതിയ കസ്റ്റഡി, ഗ്രാമസ്വരാജ് എന്നീ കഥകളാണ് സിനിമയ്ക്കായി തിരക്കഥയാക്കിയത്. കാലടി സി.ഐയായിരിക്കെ തെളിയിച്ച കേസാണ് 'കസ്റ്റഡി'യുടെ ഇതിവൃത്തം. സ്ത്രീകേന്ദ്രീകൃതമായ രാഷ്ട്രീയ ആക്ഷേപഹാസ്യ കഥയാണ് ഗ്രാമസ്വരാജ്.
ഒരു കോർട്ട് റൂം ക്രൈംത്രില്ലറിന്റെ രചനയാണ് പുരോഗമിക്കുന്നത്. പുലർച്ചെയും ചേർത്തലയിൽ നിന്ന് ആലുവയിലേക്കുള്ള ട്രെയിൻ യാത്രകളിലുമാണ് എഴുത്ത്. ഭാര്യ: ആരിഫ. മക്കൾ: ഡോ.യെസ്മിൻ സിയാന, ഡോ.നസീബ സിത്താര, ആലിയ മെഹ്രിൻ.
നാടുവിട്ടത് വഴിത്തിരിവായി
2019ൽ സി.ഐയായിരിക്കെ ജോലിയിലെ മാനസിക സമ്മർദ്ദം ആത്മഹത്യയിലേക്കു നയിക്കുമോ എന്ന ആശങ്കയിൽ നാടുവിട്ടു. മൂന്നു ദിവസം കഴിഞ്ഞ് സഹപ്രവർത്തകർ തമിഴ്നാട്ടിൽ കണ്ടെത്തി തിരിച്ചെത്തിച്ചു.
ടെൻഷൻ മാറ്റാൻ അന്ന് പൊടിതട്ടിയെടുത്തതാണ് കഥയെഴുത്ത്. വണ്ടൻമേട് സി.ഐയായിരിക്കെ എൻ.എൻ.കക്കാടിന്റെ 'സഫലമീയാത്ര' നവാസ് ചൊല്ലുന്നത് ഇടുക്കിയിലെ ഒരു റിസോർട്ടിൽ വച്ച് ചിത്രീകരിച്ചിരുന്നു. ഈ റിസോർട്ടിൽ ചിത്രീകരിച്ച ഒ ബേബി സിനിമയിൽ റിസോർട്ട് മാനേജർ വഴി ഡിവൈ.എസ്.പിയുടെ റോൾ ചെയ്യാൻ അവസരം ലഭിച്ചു. തിരക്കഥാകൃത്ത് രഞ്ജൻ പ്രമോദുമായുള്ള സൗഹൃദമാണ് തിരക്കഥാ രചനയിലേക്ക് വഴിതുറന്നത്.
എഴുതിയ കഥകൾ സിനിമയാകുന്നതിൽ അതിയായ സന്തോഷം
വി.എസ്. നവാസ്