
കൊച്ചി: ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 32 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രാഥമികാന്വേഷണത്തിന് ശേഷം 14 കേസുകളിൽ ആറ് എഫ്.ഐ.ആർ കൂടി രജിസ്റ്റർ ചെയ്തതോടെയാണിത്. നാല് കേസുകളിൽ എഫ്.ഐ.ആറിടാൻ ഡി.ജി.പിയുടെ പ്രത്യേക അനുമതി തേടി. വസ്തുതയില്ലാത്തതിനാൽ നാലു കേസ് തള്ളി.
32 എഫ്.ഐ.ആറിൽ 11 എണ്ണവും ഒരു അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്ന് അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണകുറുപ്പ് വിശദീകരിച്ചു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി.എസ്. സുധയുമടങ്ങുന്ന പ്രത്യേക ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. അന്വേഷണ പുരോഗതി അറിയിക്കാൻ എ.ഐ.ജി ജി. പൂങ്കുഴലിയും കോടതിയിലെത്തി.
മൊഴി നൽകിയതിന് സംഘടനയിൽ നിന്ന് പുറത്താക്കുമെന്ന് കാണിച്ച് ചമയകലാകാരികൾക്ക് ലഭിച്ച കാരണം കാണിക്കൽ നോട്ടീസ് കോടതിയിൽ ഹാജരാക്കി. ഇക്കാര്യത്തിൽ കോടതി എതിർകക്ഷികളുടെ വിശദീകരണം തേടി. പരാതി ഉന്നയിച്ചവർ വിഷയം പ്രത്യേക അന്വേഷണ സംഘത്തിലെ നോഡൽ ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വിഷയം 19ന് വീണ്ടും പരിഗണിക്കും.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കക്ഷി ചേർന്നു
സിനിമാ മേഖലയ്ക്കായി പ്രത്യേക നിയമം ആവശ്യപ്പെട്ട് വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ലിയു.സി.സി) ഫയൽ ചെയ്ത ഹർജിയിൽ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കക്ഷി ചേർന്നു. കേസിൽ കക്ഷി ചേരാനുള്ള കുമ്പളം സ്വദേശിയായ മാദ്ധ്യമപ്രവർത്തകന്റെ അപേക്ഷ കോടതി തള്ളി. ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയ എല്ലാവരെയും അന്വേഷണ സംഘം സമീപിച്ചിട്ടില്ലെന്ന് ഡബ്ലിയു.സി.സിയുടെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. അന്വേഷണം നടക്കുകയാണെന്നും എല്ലാവരുടെയും മൊഴിയെടുക്കുമെന്നും സർക്കാർ വിശദീകരിച്ചു. ഇക്കാര്യത്തിൽ നിലവിൽ ഇടപെടുന്നില്ലെന്ന് കോടതിയും പറഞ്ഞു.