ചോറ്റാനിക്കര: തൃക്കാർത്തിക ഉത്സവത്തിന് ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ഇന്ന് തിരിതെളിയും. ചോറ്റാനിക്കര അമ്മയുടെ നാല് ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷത്തോടനുബന്ധിച്ച് നവരാത്രി മണ്ഡപത്തിൽ കലാപരിപാടികളും അരങ്ങേറും.
ഇന്ന് വൈകിട്ട് നാലിന് ക്ഷേത്രത്തിലെ അഞ്ച് മേൽശാന്തിമാർ ചേർന്ന് ദീപം തെളിക്കുന്നതോടെ ഉത്സവത്തിന് തുടക്കമാകും. വീണക്കച്ചേരി, നൃത്തസന്ധ്യ, തിരുവാതിരകളി, പിന്നൽ തിരുവാതിര, കൈകൊട്ടിക്കളി, ഭരതനാട്യം, നൃത്തനൃത്യങ്ങൾ, ഭരതനാട്യക്കച്ചേരി തുടങ്ങിയ കലാപരിപാടികൾ നാലു ദിവസങ്ങളിലായി നടക്കും. തൃക്കാർത്തിക നാളായ 13ന് രാവിലെ അഖണ്ഡ നാമജപവും ഉച്ചയ്ക്ക് തൃക്കാർത്തിക സദ്യയും.
രാത്രി 8.30ന് ചോറ്റാനിക്കര വിജയൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യത്തോടെ 51 കുത്തുവിളക്കുകളുടെ അകമ്പടിയോടെ മൂന്നാനകൾ അണിനിരക്കുന്ന തൃക്കാർത്തിക വിളക്കും ഉണ്ടാകും.
15ന് വൈകിട്ട് 6.30ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, മക്കളായ മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവരുടെ ട്രിപ്പിൾ തായമ്പക. 8.30ന് പഞ്ചവാദ്യത്തോടെ മൂന്നാനകൾ അണിനിരക്കുന്ന മകയിരം വിളക്കോടെ തൃക്കാർത്തിക ഉത്സവം സമാപിക്കും.