
കൊച്ചി: ട്രോളി ബാഗുകളിൽ കഞ്ചാവ് ഒളിപ്പിച്ച് വിനോദ സഞ്ചാരികളെന്ന വ്യാജേന കൊച്ചിയിലെത്തും. ഓർഡർ പ്രകാരം ബാഗ് കൈമാറി പണവുമായി തിരികെ നാട്ടിലേക്ക്! ഒഡീഷയിൽ നിന്ന് കേരളത്തിലേക്ക് വിവിധ മാർഗങ്ങളിലൂടെ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ നാലുപേർ ഒടുവിൽ എക്സൈസിന്റെ പിടിയിലായി. പശ്ചിമബംഗാൾ സ്വദേശികളായ സമിൻ ഷെയ്ക്ക്, മിഥുൻ, സജീബ് മണ്ഡൽ, ഹബീബുൽ റഹ്മാൻ എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് മൂന്ന് ട്രോളി ബാഗുകളിലായി 36 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ട്രെയിൻ മാർഗമാണ് നാലുപേരും എത്തിയത്. വില്പന സംഘത്തിന്റെ വരവ് ഇതിനകം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ടി.എം മജുവിന് രഹസ്യമായി ലഭിച്ചിരുന്നു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം തമ്പടിച്ച എക്സൈസ് സംഘം നാലുപേരെയും ടാക്സി സ്റ്റാൻഡ് പരിസരത്ത് നിന്ന് പിടികൂടുകയായിരുന്നു. മൂന്നു ട്രോളി ബാഗുകളിൽ ഓരോ കിലോ വീതമുള്ള 12 പാക്കറ്റുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കഞ്ചാവിന്റെ രൂക്ഷഗന്ധം പുറത്തറിയാതിരിക്കാൻ സെല്ലോ ടേപ്പുകൾ ഉപയോഗിച്ച് ചുറ്റി കെട്ടിയാണ് അടുക്കി വച്ചിരുന്നത്. എറണാകുളം സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ശ്രീരാജിന്റെ നിർദ്ദേശാനുസരണം ഇൻസ്പെക്ടർ കെ.പി പ്രമോദ്, പ്രിവന്റീവ് ഓഫീസർമാരായ ബസന്തകുമാർ, പ്രതീഷ്, ശ്രീകുമാർ,സുനിൽ, സിവിൽ എക്സൈസ് ഓഫീസർ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വില 35 ലക്ഷം രൂപ
പിടികൂടിയ കഞ്ചാവിന് 35 ലക്ഷം രൂപ വിലമതിക്കും. പ്രതികളെല്ലാം ലഹരി കച്ചവടം ഉപജീവനമാക്കിയവരാണ്. ഒരാഴ്ച മുമ്പ് സമാനരീതിയിൽ കടത്തിക്കൊണ്ടുവന്ന ഏഴ് കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികളെ അങ്കമാലി അത്താണിയിൽ നിന്ന് പിടികൂടിയിരുന്നു. കടത്ത് സംഘങ്ങളിലുള്ളവരെല്ലാം ചെറുപ്പക്കാരാണ്. ഇതുവരെ 45 കിലോ ഗ്രാം കഞ്ചാവാണ് എക്സൈസ് പിടികൂടിയത്.
ഇതര സംസ്ഥാന തൊഴിലാളികളെ കൂടാതെ ചില മലയാളികളും ഇവരുടെ പങ്കാളികളായുണ്ടെന്ന് വിവരം. സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂട്ടുപ്രതികളെ ഉടൻ പിടികൂടും
പി.ശ്രീരാജ്
സർക്കിൾ ഇൻസ്പെക്ടർ
സ്പെഷ്യൽ സ്ക്വാഡ്
എക്സൈസ്