arogya-patha
മക്കാട്ടുകര -അക്കാടിക്കടവ് ആരോഗ്യ പാത

അങ്കമാലി: കൂടുതൽ വർണാഭമാകാൻ ഒരുങ്ങി മങ്ങാട്ടുകര - അങ്ങാടിക്കടവ് ആരോഗ്യ പാത. പാതയുടെ ഇരുവശവും ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് മനോരഹരമാക്കുന്ന പ്രവർത്തനങ്ങൾക്ക് അങ്കമാലി നഗരസഭ തുടക്കമിട്ടു. ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷവേളയിൽ ആരോഗ്യ പാതയിൽ നൂറുകണക്കിന് നക്ഷത്രങ്ങൾ ശോഭ പടർത്തും.

മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിലാണ് മങ്ങാട്ടുകര -അങ്ങാടിക്കടവ് ആരോഗ്യ പാതാ നിർമ്മാണത്തിന് തുടക്കമിട്ടത്. കോതകുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ ആറാട്ടുകടവ് ഭാഗത്ത് നിന്നും അങ്ങാടിക്കടവിൽ നിന്നും മങ്ങാട്ടുകരയിൽ നിന്നും ആരോഗ്യ പാതയിലേക്ക് കയറാൻ കഴിയും, രണ്ടര കിലോമീറ്ററിലേറെ ദൈർഘ്യമുള്ള ആരോഗ്യ പാത ഒരു കിലോമീറ്റർ കൂടി നീട്ടി കരയാംപറമ്പ് വരെ എത്തിക്കാനുള്ള നടപടി ഉണ്ടാകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ആരോഗ്യപാതയുടെ വശങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ വിശ്രമിക്കാനായി ചെറു വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നാണ് സവാരി നടത്തുന്നവർ ആവശ്യപ്പെടുന്നത്. അങ്കമാലി നഗരസഭയിൽ സായാഹ്നങ്ങളിൽ കുടുംബസമേതം വന്ന് വിശ്രമിക്കാൻ പ്രത്യേകിച്ച് ഒരിടമില്ല. മങ്ങാട്ടുകര - അങ്ങാടിക്കടവ് ആരോഗ്യ പാതയോട് ചേർന്ന് നഗരവാസികൾക്ക് സായാഹ്നങ്ങളിൽ സമയം ചിലവഴിക്കാൻ പാർക്ക് ഒരുക്കാൻ കഴിഞ്ഞാൽ ഏറെ ഗുണകരമാകും.

മാഞ്ഞാലിത്തോടിന്റെ ഓരത്തായി ആരോഗ്യ പാത നിർമ്മിച്ചത് 35 ലക്ഷംരൂപ മുടക്കി

പുഴയോട് ചേർന്ന് വയലുകളുടെയും മറ്റു കൃഷിയിടങ്ങളുടെയും ഇടയിലൂടെ നിർമ്മിച്ചിട്ടുള്ള ആരോഗ്യ പാത ഏറെ ആകർഷകം

ആരോഗ്യപാത കരയാംപറമ്പ് വരെ നീട്ടുന്നതിനുള്ള ശ്രമമാരംഭിച്ചിട്ടുണ്ട്. മങ്ങാട്ടുകര വെമ്പിളിയം ക്ഷേത്ര ഭാഗത്തുള്ള പുറമ്പോക്ക് സ്ഥലം കഴിച്ച് ആവശ്യമുള്ള സ്ഥലമെടുത്താൽ ആരോഗ്യ പാതക്ക് സമീപമായ പാർക്ക് ഒരുക്കാൻ കഴിയും.

പി.എൻ.ജോഷി

കൗൺസിലർ

മങ്ങാട്ടുകര

മഴ പെയ്താൽ കയറി നിൽക്കാൻ ഒരിടമില്ല. പാതയുടെ ഓരത്ത് വിശ്രമ സൗകര്യത്തിനായി വീതി കുറഞ്ഞ കസാലകൾ വേണം, പാതയോരത്ത് തന്നെ വ്യായാമത്തിനായി വേണ്ടുന്ന ഉപകരണങ്ങൾ സ്ഥാപിച്ച പ്രത്യേക ഇടമുണ്ടാക്കണം

പി.എസ്. പുരുഷോത്തമൻ

പ്രഭാതസവാരിക്കാരൻ