കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രോത്സവത്തിലെ ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതിയുടെ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് ദേവസ്വം ഓഫീസർ രഘുരാമനെതിരെ കോടതിഅലക്ഷ്യക്കേസ്. രഘുരാമൻ നൽകിയ വിശദീകരണവും മാപ്പപേക്ഷയും തള്ളിയ ഹൈക്കോടതി, കോടതിഅലക്ഷ്യ നടപടിയെടുക്കാൻ രജിസ്ട്രിയോട് നിർദ്ദേശിച്ചു.
ജനങ്ങളുടെ സുരക്ഷ കാറ്റിൽപ്പറത്തിയാണ് ഡിസംബർ രണ്ടിന് ക്ഷേത്രത്തിൽ ആനകളെ കൈകാര്യം ചെയ്തതെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വിലയിരുത്തി. വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടും ദേവസ്വം ഓഫീസർ അവഗണിച്ചതായി കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി വ്യക്തമാക്കി.
ഉത്തരവ് ബോധപൂർവം ലംഘിച്ചിട്ടില്ലെന്ന് കോടതിയിൽ ഹാജരായ രഘുരാമൻ അറിയിച്ചു. തൃക്കേട്ട പുറപ്പാട് ദിവസം ജനത്തിരക്കേറുകയും അപ്രതീക്ഷിതമായി മഴ പെയ്യുകയും ചെയ്തതോടെയാണ് നിയന്ത്രണങ്ങളിൽ വീഴ്ചയുണ്ടായതെന്നും വിശദീകരിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
സുരക്ഷാവീഴ്ചയുണ്ടായെന്ന് മാപ്പപേക്ഷയിൽ നിന്നുതന്നെ വ്യക്തമാണെന്ന് കോടതി പറഞ്ഞു. മഴ വന്നപ്പോൾ 15 ആനകളെ ഒരു ചെറിയ ഇടത്തിലേക്കാണ് മാറ്റിയത്. ഭക്തരെ പഴിചാരിയാണ് സത്യവാങ്മൂലം. ദേവസ്വം ഓഫീസർ മറ്റാരുടെയോ വക്താവായാണ് സംസാരിക്കുന്നത്. ഇതുസംബന്ധിച്ച് ചില വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. കോടതിഅലക്ഷ്യ നടപടിയിൽ മറുപടി സമർപ്പിക്കാൻ രഘുരാമന് സമയം അനുവദിച്ചു. വീണ്ടും ജനുവരി 9ന് പരിഗണിക്കും.