അങ്കമാലി: അങ്കമാലി കരയാംപറമ്പിൽ ആരംഭിച്ച് കുണ്ടന്നൂർ വരെ നിർമ്മിക്കുന്ന എറണാകുളം ബൈപ്പാസ് റോഡിന് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകളുടെ ആശങ്കകൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആലുവ താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു. വികസന സമിതി യോഗത്തിൽ റോജി എം. ജോൺ എം.എൽ.എയുടെ പ്രതിനിധിയും യു.ഡി.എഫ് അങ്കമാലി നിയോജകമണ്ഡലം കൺവീനറുമായ ടി.എം. വർഗീസ് അവതരിപ്പിച്ച പ്രമേയത്തെ ബെന്നി ബഹനാൻ എം.പിയുടെ പ്രതിനിധിയും കോൺഗ്രസ് കാലടി ബ്ലോക്ക് പ്രസിഡന്റുമായ സെബി കിടങ്ങേൻ പിന്താങ്ങി. തഹസിൽദാർ ഡിക്‌സി ഫ്രാൻസിസ്, ഭൂരേഖ തഹസിൽദാർ ബി. ജയേഷ്, വിവിധ കക്ഷി നേതാക്കൾ എന്നിവർ പ്രസംഗിച്ചു.