 
പെരുമ്പാവൂർ: ഒട്ടനവധി രംഗവേദി കലാകാരന്മാരുടെ മുഖത്ത് ചായം തേച്ച് കേരളത്തിലെ അറിയപ്പെടുന്ന മേക്കപ്പ് ആർട്ടിസ്റ്റുമാരിലൊരാളായ അയ്മുറി വേണു സ്വന്തം നാട്ടിലെ ക്ഷേത്രത്തിലെ കൂത്തരങ്ങിൽ ചാക്യാരായി വേഷമണിഞ്ഞെത്തിയത് കാഴ്ചക്കാർക്ക് കൗതുകമായി. നാടകാഭിനയത്തിലൂടെ അരങ്ങിനെയും ആസ്വാദകരെയും നന്നായി അറിഞ്ഞിട്ടുള്ള അയ്മുറി വേണുവിന്റെ ചാക്യാർ വേഷം മനോഹരമായി. വേണുവിന്റെ അറുപത്തിരണ്ടാമത്തെ വയസിലെ കലാരംഗത്തെ പുതിയ ചുവടുവയ്പ്പിലേക്കുള്ള ആദ്യ അരങ്ങായിരുന്നു അയ്മുറി പിഷാരിയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവവേദി. വിദൂഷകരത്നം ഡോ. എടനാട് രാജൻ നമ്പ്യാരാണ് ചാക്യാർ കൂത്തിലെ ഗുരു. പെരുമ്പാവൂരിലെ ട്രാവൻകൂർ റയോൺസിൽ തൊഴിലാളിയായ അയ്മുറി തെക്കേമേപ്പിള്ളി വേണുഗോപാൽ കമ്പനി അടച്ചുപൂട്ടിയതോടെ ചമയകല മറ്റൊരു ജീവിതമാർഗമായി സ്വീകരിക്കുകയായിരുന്നു. കലാകാരിയായിരുന്ന സ്വന്തം മകളുടെ മുഖത്ത് ചായമിട്ടത് മാത്രമായിരുന്നു മുൻപരിചയം.
മൂന്നു പതിറ്റാണ്ടിലേറെയായി പെരുമ്പാവൂർ ഫൈൻ ആർട്ട്സ് സൊസൈറ്റിയടക്കമുള്ള കലാസാംസ്‌കാരിക കൂട്ടായ്മയുടെ ഭാഗമാണ് വേണു. നിരവധി നാടകസമിതികളിൽ നിന്ന് ലഭിച്ച പരിശീലനവും അടങ്ങാത്ത അഭിനയമോഹവുമാണ് വേണുവിനെ കൂത്തരങ്ങിലേയ്ക്ക് വഴി തിരിച്ചുവിട്ടത്. മേക്കപ്പ് ആർട്ടിസ്റ്റ് അസോസിയേഷൻ, പ്രൊഫഷണൽ പ്രോഗ്രാം ഏജന്റ്സ് അസോസിയേഷൻ, കോസ്റ്റ്യൂം ഷോപ്പ് ഓണേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ സംസ്ഥാന- ജില്ലാതല ഭാരവാഹിയായും പ്രവർത്തിക്കുന്നുണ്ട്.