vehicle-seizd
പഞ്ചായത്തും പൊലീസും ചേർന്ന് പിടികൂടിയ ടിപ്പർ ലോറി

പെരുമ്പാവൂർ: രായമംഗലം പഞ്ചായത്ത് നാലാം വാർഡിൽ വള്ളോൻമുകൾ കോളനിക്ക് സമീപം അനധികൃത മണ്ണെടുപ്പ് അധികൃതർ തടഞ്ഞു. പൊലീസും പഞ്ചായത്ത് അധികൃതരും സ്ഥലപരിശോധന നടത്തിയപ്പോൾ രേഖകൾ ഒന്നുമില്ലാതെ മണ്ണുമായി വന്ന ടിപ്പർ ലോറിയും പിടികൂടി. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, സെക്രട്ടറി ബി. സുധീർ, എൽ.എസ്.ജി.ഡി. അസി. എൻജിനിയർ ജി. സുഭാഷ്, എസ്.ഐമാരായ ബൈജു പോൾ, ജോർജ്, എ.എസ്.ഐ ഷാജി, പഞ്ചായത്ത് ജീവനക്കാരായ വിഷ്ണു എസ്. കുമാർ, പി.ആർ. അനീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ശ്രദ്ധയിൽപ്പെടുന്ന അനധികൃത മണ്ണെടുപ്പുകൾ തടയുകയും പിഴ ഈടാക്കാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. പിടികൂടുന്ന വാഹനങ്ങൾക്ക് പൊലീസ് പിഴ ചുമത്തുന്നുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കീഴില്ലം ത്രിവേണി , മരോട്ടിക്കടവ്, മോസ്കോ, വള്ളോൻമുകൾ എന്നിവിടങ്ങളിലെ പല അനധികൃത മണ്ണെടുപ്പുകൾ തടയുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

നിയമസംവിധാനത്തെ വെല്ലുവിളിച്ച് മണ്ണ് മാഫിയ സ്ഥലങ്ങൾ മാറിമാറി ഖനനം നടത്തുകയാണ്. മണ്ണെടുപ്പ് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ പൊലീസ്, പഞ്ചായത്ത്, റവന്യൂ വകുപ്പ് അധികൃതരെ അറിയിക്കണം

എൻ.പി. അജയകുമാർ

പഞ്ചായത്ത് പ്രസിഡന്റ്