
പറവൂർ: വയോധികയായ അമ്മയെ കൊലപ്പെടുത്തിയ കേസിൽ തൃക്കാരിയൂർ നാഗഞ്ചേരി കല്ലുങ്ങപറമ്പിൽ അനിൽകുമാർ (അനി - 39) നെ പറവൂർ അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധികതടവ് അനുഭവിക്കണം. 2019 ഓഗസ്റ്റ് 24നായിരുന്നു സംഭവം. പരേതനായ കുട്ടപ്പന്റെ ഭാര്യ കാർത്യായനിയെ (61) കിടപ്പുമുറിയിൽ വച്ചാണ് വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. ഒരുമിച്ച് താമസിക്കുന്ന വീടും പറമ്പും മകന് എഴുതി കൊടുക്കണമെന്ന് ആവശ്യപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
അമ്മയെ കൊലപ്പെടുത്തിയ ശേഷം അടുത്ത വീടുകളിലെത്തി വിവരം പറഞ്ഞ പ്രതി കൊലപ്പെടുത്താൻ ഉപയോഗിച്ച വാക്കത്തിയും രക്തംപുരണ്ട വസ്ത്രങ്ങളുമായി കോട്ടപ്പടി പൊലീസ് സ്റ്റേഷനിൽ സ്വമേധയാ കീഴടങ്ങി. വിചാരണയിൽ പ്രതി കുറ്റം നിഷേധിച്ചെങ്കിലും സഹോദരി ഉൾപ്പെടെ മുപ്പത് സാക്ഷികളെ വിസ്തരിച്ചു. കോട്ടപ്പടി സബ് ഇൻസ്പെക്ടറായായിരുന്ന എം.എം. അബ്ദുൽ റഹ്മാനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ബി. ഷാജി ഹാജരായി.