കോലഞ്ചേരി: കൊച്ചി ധനുഷ്കോടി ദേശീയപാതാ നിർമ്മാണത്തിനി‌ടെ മലിനജലം പെരിയാർവാലി കനാലിലേക്ക് ഒഴുക്കുന്നത് നാട്ടുകാർ തടഞ്ഞു. പുത്തൻകുരിശ് മാനാന്തടത്തിനടുത്ത് നടക്കുന്ന കാന നിർമ്മാണമാണ് തടഞ്ഞത്. പുതുതായി നിർമ്മിച്ച കാനയിൽ നിന്ന് പെരിയാർ വാലി കനാലിലേക്ക് വെള്ളമൊഴുകുന്നതാണ് പ്രശ്നം. മലിന ജലം ഒഴുകിയാൽ ജലജന്യ രോഗങ്ങൾ പടർന്നു പിടിക്കാൻ സാദ്ധ്യതയുള്ളതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. ഇന്നലെ രാവിലെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ തന്നെ നാട്ടുകാരെത്തി പണി തടയുകയായിരുന്നു. പെരിയാർവാലി മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രശ്ന പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.