കൊച്ചി: കൊച്ചി നഗരാസൂത്രണ കമ്മിറ്റി ചെയർമാൻ ജെ. സനൽമോന്റെ പേരിലുള്ള അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് അവിശ്വാസത്തിന് നോട്ടീസ് നൽകി യു.ഡി.എഫ്. യു.ഡി.എഫ് നഗരാസൂത്രണ കമ്മിറ്റി അംഗങ്ങളായ എ.ആർ. പത്മദാസ്. സക്കീർ തമ്മനം, മിനി ദിലീപ്, സുജ ലോനപ്പൻ എന്നിവരാണ് കളക്ടർക്ക് നോട്ടീസ് നൽകിയത്.
ചെയർമാൻ വാഹനവുമായി നടന്ന് പല സ്ഥലങ്ങളിലും പണപ്പിരിവ് നടത്തുന്നതായി പലരും പറയുന്നുവെന്ന് കഴിഞ്ഞ കൗൺസിലിൽ ആരോപണം ഉയർന്നിരുന്നു. മേയർ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത സാഹചര്യത്തിൽ ഈ കമ്മിറ്റി ചെയർമാനോടുള്ള തങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറയും പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിലും പറഞ്ഞു.
തിരഞ്ഞെടുപ്പ് വേണ്ടിവരും
9 അംഗങ്ങളുണ്ടായിരുന്ന നഗരാസൂത്രണ കമ്മിറ്രിയിൽനിന്ന് എൽ.ഡി.എഫ് കൗൺസിലർ എം.എച്ച്.എം അഷ്റഫ് രാജിവച്ചതോടെ എൽ.ഡി.എഫിലും യു.ഡി.എഫിലും നാലുവീതം അംഗങ്ങളായി. ഈ സാഹചര്യത്തിലാണ് യു.ഡി.എഫ് അവിശ്വാസം നൽകിയത്. ഇതിൽ ചർച്ചനടത്തണമെങ്കിൽ യു.ഡി.എഫിന് കമ്മിറ്റിയിൽ മുൻതൂക്കം വേണ്ടിവരും. കമ്മിറ്റിയിലെ ഒഴിവ് നികത്തിയാലേ ചർച്ച നടത്താനാകൂ. ഇതിന് തിരഞ്ഞെടുപ്പ് നടത്തി യു.ഡി.എഫ് കമ്മിറ്റി പിടിച്ചെടുക്കണം.
എങ്കിലേ പ്രമേയം പാസാകൂ. നിയമം അനുസരിച്ച് 14 ദിവസത്തിനുള്ളിൽ ഈ തിരഞ്ഞെടുപ്പ് നടക്കണം. നിലവിൽ കൊച്ചി കോർപ്പറേഷനിൽ വി.കെ. മിനിമോൾ ചെയർപേഴ്സണായുള്ള മരാമത്ത് കമ്മിറ്റി മാത്രമേ യു.ഡി.എഫിനുള്ളു. ഈ അവിശ്വാസം പാസായില്ലെങ്കിൽ ആറുമാസം കഴിഞ്ഞേ അടുത്ത അവിശ്വാസം നൽകാൻ സാധിക്കുകയുള്ളു.