y
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ അന്നപൂർണ ഹോട്ടൽ ഉടമ മുത്തുവിനും ഹോട്ടൽ ജീവനക്കാർക്കുമൊപ്പം

തൃപ്പൂണിത്തുറ: തെക്കൻപറവൂരിലെ അന്നപൂർണ ഹോട്ടലിന്റെ ഉടമ തമിഴ്നാട് സ്വദേശി മുത്തുവിനെ വീണ്ടും ഞെട്ടിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വൈക്കത്തെ നവീകരിച്ച തന്തൈ പെരിയാർ സ്‌മാരകത്തിന്റെ ഉദ്ഘാടനത്തിനായി പോകുന്നവഴി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇത്തവണയും അന്നപൂർണ ഹോട്ടലിൽ രാവിലെ ചായ കുടിക്കാൻ ഇറങ്ങി. കഴിഞ്ഞവർഷം ഏപ്രിലിൽ വൈക്കത്തെ ചടങ്ങുകഴിഞ്ഞ് കൊച്ചി എയർപോർട്ടിലേക്ക് തിരിച്ചുപോകുന്ന വഴിയാണ് മുഖ്യമന്ത്രി അന്നപൂർണ സന്ദർശിച്ചത്. അന്ന് മുഖ്യമന്ത്രി മസാലദോശയാണ് ഓർഡർ ചെയ്തത്. ഇക്കുറി ഇഡലി, വട, പഴംപൊരി എന്നിവയെല്ലാം അദ്ദേഹം രുചിച്ചു. ചായയും കുടിച്ചു. തമിഴ്‌നാട് മന്ത്രിമാരായ ദുരൈ മുരുകൻ, എ.വി. വേലു, എം.പി. സ്വാമിനാഥൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

രാവിലെ തന്നെ മുഖ്യമന്ത്രിയുടെ അംഗരക്ഷകർ ഹോട്ടലിലെത്തി ഭക്ഷണം പരിശോധിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ നോക്കുകയും ചെയ്തിരുന്നു. ഭക്ഷണത്തിനുശേഷം ഏറെ സന്തോഷത്തോടെയാണ് അദ്ദേഹം യാത്ര പറഞ്ഞതെന്ന് മുത്തു പറഞ്ഞു.