malinyam
ചൂർണിക്കര കമ്പനിപ്പടി മാന്ത്രക്കൽ റെയിൽവേ പാളത്തിന് സമീപം മാലിന്യം കുമിഞ്ഞുകൂടിയപ്പോൾ

ആലുവ: നിരത്തുകളിലെ മാലിന്യ നിക്ഷേപവും മോഷണവും തടയാൻ ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ 53 സി.സി ടിവി ക്യാമറകൾ സ്ഥാപിച്ചെങ്കിലും മാലിന്യ നിക്ഷേപത്തിന് കുറവില്ലെന്ന് പരാതി. പകൽ പോലെ രാത്രി ദൃശ്യവും ലഭിക്കുന്ന കാമറകൾ സ്ഥാപിച്ചിട്ടുള്ള കമ്പനിപ്പടി മാന്ത്രക്കൽ കവലയിലും റെയിൽവേ പാളത്തിന് സമീപവും മാലിന്യ നിക്ഷേപം തകൃതിയായി നടക്കുകയാണ്. ക്യാമറ കണ്ണുകൾ തുറന്നിരിക്കുമ്പോഴും മാലിന്യങ്ങൾ കൂമ്പാരമാകുന്ന കാഴ്ചയാണിവിടെ.

ക്യാമറകളുടെ ഉദ്ഘാടനത്തിന് കാണിച്ച താത്പര്യം അധികൃതർക്ക് ഇപ്പോഴില്ലെന്നാണ് നാട്ടുകാരുടെ പരാതി. ലക്ഷക്കണക്കിന് രൂപ മുടക്കി ക്യാമറക സ്ഥാപിച്ചിട്ടും അതിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിക്കുവാൻ ഉദ്യോഗസ്ഥർക്ക് സമയമില്ല. മാലിന്യങ്ങൾ റെയിൽവേ ട്രാക്കിൽ കുന്നുകൂടിയപ്പോൾ റെയിൽവേ ഉദ്യോഗസ്ഥർ പഞ്ചായത്ത് അധികാരികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ട്രാക്കിൽ മാലിന്യം നിക്ഷേപിക്കുന്നത് തുടർന്നാൽ ജനങ്ങൾ പാളത്തിന് കുറുകെ കടക്കുന്നത് തടയുമെന്നാണ് അറിയിച്ചിട്ടുള്ളത്. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ നേരത്തെ പ്രയാസം നേരിട്ടിരുന്നുവെന്നും അതോടൊപ്പം മേഖലയിലെ മോഷണവും തടയുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് കൂടുതൽ ക്യാമറകൾ സ്ഥാപിച്ചത്. നേരത്തെ ക്യാമറയിലൂടെ പിടിക്കപ്പെട്ടവരിൽ നിന്നായി പിഴയിനത്തിൽ പഞ്ചായത്തിന് ലക്ഷക്കണക്കിന് രൂപ ലഭിച്ചിരുന്നു. കൂടുതൽ ക്യാമറകൾ സ്ഥാപിച്ചപ്പോൾ പരിശോധിക്കാൻ ആളില്ലെന്നാണ് പരാതി.

പഞ്ചായത്ത് പരിധിയിൽ

ഒരു വർഷം മുമ്പ് സ്ഥാപിച്ചത് 24 ക്യാമറകൾ

കഴിഞ്ഞ മാസം സ്ഥാപിച്ചത് 29 ക്യാമറകൾ

രണ്ടാംഘട്ട ക്യാമറ സ്ഥാപിക്കൽ നടത്തിയത്

25 ലക്ഷം രൂപയുടെ പഞ്ചായത്ത് ഫണ്ടും 5 ലക്ഷം രൂപയുടെ ഫെഡറൽ ബാങ്ക് സി.എസ്.ആർ ഫണ്ടും ഉപയോഗിച്ച്

ലക്ഷങ്ങൾ മുടക്കി രണ്ടാംഘട്ടമായി കൂടുതൽ ക്യാമറകൾ സ്ഥാപിച്ചത് ആദ്യഘട്ടം ക്യാമറ സ്ഥാപിച്ചപ്പോൾ മാലിന്യ നിക്ഷേപം കുറഞ്ഞെന്ന വിലയിരുത്തലിനെ തുടർന്ന്

മാലിന്യം അധികവും വ്യാപാരസ്ഥാപനങ്ങളിൽ നിന്നുള്ള ചീഞ്ഞളിഞ്ഞ പഴവർഗങ്ങളും പ്ലാസ്റ്റിക്കും കടലാസുകളും സമീപ പ്രദേശങ്ങളിൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് മാലിന്യം സംസ്കരിക്കാനുള്ള സൗകര്യമില്ലാത്തതും തിരിച്ചടിസമീപത്തെ ഭൂവുടമകളും മാലിന്യങ്ങൾ റോഡിലേക്ക് വലിച്ചെറിയുന്നു വഴിയിൽ മാലിന്യമേറിയതോടെ തെരുവു നായകളുടെയും ഇഴജന്തുക്കളുടെയും ശല്യമേറിയതായി നാട്ടുകാർ