കൊച്ചി: വടുതല റെയിൽവേ മേല്പാലം നിർമ്മാണത്തിന് സാങ്കേതിക അനുമതി ലഭിച്ചു. 20.49 കോടി രൂപയും അനുവദിച്ചു. 2016ൽ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിർമ്മാണ നിർവഹണം ആർ.ഡി.ബി.സി.കെയ്ക്കാണ്,

വടുതല ലെവൽക്രോസിലെ തിരക്കും ഗതാഗതക്കുരുക്കും കാരണം ചിറ്റൂർ, ചേരാനല്ലൂർ, വരാപ്പുഴ, പറവൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് എറണാകുളത്തേക്കും തിരിച്ചുമുള്ള യാത്ര വലിയ ദുരിതമാണ്. പ്രദേശവാസികളുടെ ദീർഘനാളത്തെ ആവശ്യമാണ് ഈ പദ്ധതിയുടെ പൂർത്തീകരണം.

2016ൽ പദ്ധതി പ്രഖ്യാപനം നടത്തിയതിനുശേഷം ഡിസൈനും ജി.എ.ഡി ഉൾപ്പെടെയുള്ള അനുബന്ധ രേഖകളും തയ്യാറാക്കി റെയിൽവേ അംഗീകാരത്തിനായി അയച്ചപ്പോഴാണ് ഷൊർണൂർ- എറണാകുളം റെയിൽ പാതയുടെ കാരണം ഉന്നയിച്ച് പദ്ധതി മുടങ്ങിയത്. തുടർന്ന് പുതുക്കിയ ഡിസൈൻ പ്രകാരം മുൻനിശ്ചയത്തിന് പകരമായി 42.92 ആർ സ്ഥലം 60.15 ആർ ആയി വർദ്ധിക്കുകയും പുതുക്കിയ ഡി.പി.ആർ പ്രകാരം സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തുക ഉൾപ്പെടെ നഷ്ടപരിഹാരം നല്കുന്നതിലേക്കുമായി 67.51 കോടി രൂപ കിഫ്ബിയിൽനിന്ന് അനുവദിക്കുകയും സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.

നിർമ്മാണം രണ്ട് ഘട്ടങ്ങളിൽ

രണ്ട് ഘട്ടങ്ങളിലായിട്ടാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കേണ്ടത്. റെയിലിന് മുകളിലുള്ള ഭാഗം റെയിൽവേ നിർമ്മിക്കും. രണ്ടാമത് അപ്പ്രോച്ച് റോഡും സർവീസ് റോഡും ആർ.ബി.ഡി.സി.കെയും. ഇതിനാണ് സംസ്ഥാന സർക്കാർ 20.49 കോടി രൂപ അനുവദിച്ചത്. മൊത്തം തുകയുടെ പകുതി തുക കേന്ദ്രസർക്കാർ വഹിക്കുമെന്നും ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു.

കെട്ടിടങ്ങൾ പൊളിക്കും

ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങളും മറ്റും പൊളിക്കാനും വൈദ്യുതി പോസ്റ്റുകൾ, ടെലിഫോൺ, ജലവിതരണപൈപ്പ് ലൈനുകൾ ഉൾപ്പടെയുള്ളവ മാറ്റി സ്ഥാപിച്ച് ടെൻഡർ വിളിക്കാനുമുള്ള നടപടകൾക്ക് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ടി.ജെ. വിനോദ് എം.എൽ.എ അറിയിച്ചു.

അനുവദിച്ച തുക: 20.49 കോടി

സ്ഥലം ഏറ്റെടുക്കൽ, നഷ്ടപരിഹാരം: 67.51 കോടി