
കൊച്ചി: 120 കോടിയിലേറെ രൂപ മുടക്കി നിർമ്മിച്ച് ആറാം വർഷം അപകടാവസ്ഥയിലായ ചന്ദേർകുഞ്ച് ആർമി ടവറുകളിലെ താമസക്കാരിൽ പകുതിയും ജീവഭയത്താൽ ഒഴിഞ്ഞുപോയി. നഷ്ടപരിഹാരത്തിനോ ചർച്ചകൾക്കോ കേസിന്റെ തീർപ്പിനോ കാത്തുനിൽക്കാതെ 29 നിലയുള്ള ഇരട്ട കെട്ടിടങ്ങളിൽ നിന്ന് താമസം മാറ്റുകയായിരുന്നു പലരും.
ഹൈക്കോടതി നിർദ്ദേശപ്രകാരം ചെന്നൈ ഐ.ഐ.ടി നടത്തിയ പ്രാഥമിക പഠനത്തിൽ രണ്ട് ടവറുകളും അപകടാവസ്ഥയിലാണെന്നും താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നും വ്യക്തമാക്കിയിരുന്നു. ഇനി അവശേഷിക്കുന്നവരിൽ കൂടുതലും വാടകക്കാരാണ്. പുറത്ത് വാടക നൽകി താമസിക്കാൻ സാമ്പത്തിക ശേഷിയില്ലാത്ത ഉടമകളും തുടരുന്നുണ്ട്.
ഇല്ലാതാകുന്നത് ജീവിതസമ്പാദ്യം
വിരമിച്ചവരും സേനയിലുള്ളവരുമായ 264 പേരുടെ കുടുംബങ്ങളാണ് ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എ.ഡബ്ള്യു.എച്ച്.ഒ.) നിർമ്മിച്ച ഫ്ളാറ്റുകൾ വാങ്ങിയത്. കൊച്ചി നഗരത്തിലെ കണ്ണായ വൈറ്റിലയിൽ മൊബിലിറ്റി ഹബ്ബിനോട് ചേർന്ന് കായലാൽ ചുറ്റപ്പെട്ട മനോഹരമായ സിൽവർ സാൻഡ് ഐലൻഡിലെ 4.25 ഏക്കറിൽ മൂന്നു ടവറുകളാണ് ചന്ദേർകുഞ്ച് സമുച്ചയം. 65-75 ലക്ഷം രൂപയായിരുന്നു വില. പിന്നീട് ദശലക്ഷങ്ങൾ മുടക്കി ഫർണിഷ് ചെയ്തു. ജീവിതസമ്പാദ്യം വിനിയോഗിച്ചാണ് ഫ്ളാറ്റുകൾ മിക്കവരും സ്വന്തമാക്കിയത്. രണ്ട് വർഷം കഴിഞ്ഞപ്പോൾതന്നെ 29നില ടവറുകളിലെ തേപ്പ് പൊളിഞ്ഞു തുടങ്ങി.  പരാതികൾ എ.ഡബ്ള്യു.എച്ച്.ഒ. അവഗണിച്ചു. കാര്യങ്ങൾ കൈവിട്ടു പോയപ്പോഴാണ് മാറിതാമസിക്കാൻ വാടക ഉൾപ്പെടെ നൽകി പുനരുദ്ധരിക്കാമെന്ന് സമ്മതിച്ചത്.
തകർച്ചയ്ക്ക് കാരണം
നിലവാരമില്ലാത്ത നിർമ്മാണസാമഗ്രികൾ
ഉപ്പുവെള്ളം ഉപയോഗിച്ച് കോൺക്രീറ്റിംഗ്
കുറ്റക്കാർ ആരൊക്കെ
എ.ഡബ്ള്യു.എച്ച്.ഒ ഉന്നതർ
നിർമ്മാണം നിർവഹിച്ച ശില്പ പ്രോജക്ട്സ്
ആർക്കിടെക്ട് അജിത്ത് അസോസിയേറ്റ്സ്
എ.ഡബ്ള്യു.എച്ച്.ഒ. ഫോർമുല
ഒഴിയുന്നവർക്ക് 75 ലക്ഷം വരെ നഷ്ടപരിഹാരം
4.25 ഏക്കർ ഭൂമിയുടെയും ഫ്ളാറ്റിന്റെയും ഉടമസ്ഥാവകാശം തുടരും
പൊളിച്ചുനീക്കി പുനർനിർമ്മിക്കുന്നതിന്റെ ഉത്തരവാദിത്വം ഉടമകൾക്ക്
ഇനി എന്ത്
കേട്ടുകേൾവിയില്ലാത്ത നിർമ്മാണ പിഴവിന് എ.ഡബ്ള്യു.എച്ച്.ഒയ്ക്കും കരാറുകാർക്കുമെതിരെ നടപടി
രണ്ട് ടവറുകളും പൊളിച്ചുനീക്കി പുനർനിർമ്മാണം
നിലവിലെ താമസക്കാർ
ടവർ ബി : ടവർ സി
ഉടമസ്ഥർ 24 : 19
വാടകക്കാർ 26: 29
ചന്ദേർകുഞ്ച് സമുച്ചയം
ടവർ : നിലകൾ : ഫ്ളാറ്റുകൾ
എ : 14 : 56
ബി : 29 : 104
സി : 29 : 104