
കൊച്ചി: താന്തോണി തുരുത്ത് നിവാസികൾ വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങൾക്ക് അറുതിയില്ല. വീടുകളിലേക്ക് വെള്ളം കയറാതിരിക്കാൻ ഔട്ടർ ബണ്ട് സ്ഥാപിക്കണമെന്ന ആവശ്യം പ്രാവർത്തികമാക്കാത്തതിൽ ജിഡ (ഗോശ്രീ ഐലൻഡ് ഡവലപ്മെന്റ് അതോറിറ്റി) ഓഫീസിനുമുന്നിൽ തുരുത്ത് നിവാസികൾ ആരംഭിച്ച പ്രതിഷേധ സമരം മൂന്നാം ദിവസത്തിലെത്തി. കോർപ്പറേഷന്റെ 74ാം ഡിവിഷനിൽപ്പെട്ട തുരുത്ത് നിവാസികളാണ് വെള്ളക്കെട്ട് മൂലം ജീവിക്കാൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുന്നത്. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളും കർഷകരും അടങ്ങുന്ന 75ഓളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. ദ്വീപിലേക്ക് പാലം അടക്കം ദ്വീപിന്റെ വികസനത്തിനുവേണ്ടി നവകേരള സദസിൽ അധികൃതർക്ക് നേരിട്ട് നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ല.
വെള്ളക്കെട്ട് തീരാദുരിതം, വേണം ഔട്ടർബണ്ട്
വേലിയേറ്റത്തെ തുടർന്ന് വെള്ളം കയറിയതിനാൽ തുരുത്ത് നിവാസികൾക്ക് വീടുകളിൽ താമസിക്കാൻ പറ്റാത്ത സാഹചര്യമാണ്. മുപ്പതോളം വിദ്യാർത്ഥികളാണ് തുരുത്തിൽ നിന്ന് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കാൻ എത്തുന്നത്. വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാനും സാധിക്കുന്നില്ല. പ്രശ്നത്തിനു പരിഹാരം കാണാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജിഡ അംഗങ്ങളുമായും കോസ്റ്റൽ റെഗുലേഷൻ സോൺ (സി.ആർ.ഇസഡ്.) അംഗങ്ങളുമായും ചർച്ചകൾ നടന്നെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല. ഔട്ടർ ബണ്ട് നിർമാണം തുടങ്ങുന്നതുവരെ സമരം തുടരുമെന്ന് ദ്വീപ് നിവാസികൾ പറഞ്ഞു.
അനുമതിയിൽ മുടങ്ങി
ഔട്ടർ ബണ്ട് നിർമ്മിക്കണമെന്ന ദ്വീപ് നിവാസികളുടെ ആവശ്യം ബണ്ട് കരിങ്കല്ലിൽ വേണോ, കോൺക്രീറ്റിൽ വേണോ എന്ന ചർച്ചയിൽ ഒരു വർഷത്തിന് മുകളിൽ നീണ്ടുനിന്നു. പിന്നീട് കോൺക്രീറ്റിൽ നിർമിക്കാൻ തീരുമാനമായി. ടെൻഡർ പൂർത്തിയാക്കി നിർമാണം തുടങ്ങുന്നതിനു മുമ്പ് തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിയെച്ചൊല്ലി മുടങ്ങി.
ഔട്ടർ ബണ്ടിനുള്ള അനുമതി ലഭിച്ചത് 2012ൽ
2014ൽ ഔട്ടർ ബണ്ടിനുവേണ്ടി 6 കോടി അനുവദിച്ചു
ദുരിതം അനുഭവിക്കുന്നത് 64 വീടുകളിലായി 300ലേറെ പേർ
കോസ്റ്റൽ റെഗുലേഷൻ സോൺ (സി.ആർ.ഇസഡ്.) എൻജിനിയേഴ്സ് അനുമതി നൽകാത്തതുമൂലമാണ് ഔട്ടർ ബണ്ട് നിർമാണം നടക്കാത്തത്. താന്തോണി തുരുത്തിലെ ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാൻ സർക്കാർ പ്രശ്നത്തിൽ ഇടപെടണം
ടി.ജെ. വിനോദ് എം.എൽ.എ.