1
രോപ്പുംപടിയിൽ ഇന്നലെ ഉച്ചക്ക് അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്

തോപ്പുംപടി: ഹാർബർ പാലം നവീകരണത്തിനായി മൂന്നാഴ്ചയ്ക്കുമുമ്പ് അടച്ചുപൂട്ടിയതോടെ പശ്ചിമകൊച്ചിക്കാർ അക്ഷരാർത്ഥത്തിൽ ഗതാഗതക്കുരുക്കിൽ വലയുന്നു. ഇതിലൂടെ പോയിരുന്ന കാറുകളും, ഇരുചക്ര, മുച്ചക്രവാഹനങ്ങളും ബി.ഒ.ടി പാലത്തിലൂടെ കടത്തിവിട്ടതോടെ ഇവിടെനട്ടുച്ചയ്ക്കുപോലും ഗതാഗത സ്തംഭനമാണ്. ബി.ഒ.ടി പാലത്തിന്റെ കിഴക്കേ ഇറക്കത്തിലെ സിഗ്നലും കുരുക്ക് രൂക്ഷമാക്കുന്നു. സിഗ്നൽകാത്ത് വാഹനങ്ങളുടെ നീണ്ടനിര പാലംമുതൽ തോപ്പുംപടി ബി.ഒ.ടി ജംഗ്ഷനും കടന്ന് നീളുകയാണ്. ബസ് യാത്രക്കാരും മറ്റുള്ളവരും സമയത്ത് ലക്ഷ്യസ്ഥാനത്തെത്താനാവാതെ വിഷമിക്കുന്നു. സാങ്കേതികകാരണങ്ങൾ നിരത്തി പാലത്തിലെ നിർമ്മാണ പ്രവർത്തനങ്ങളും ഇഴയുന്നു.

കുരുക്കിൽ വലയുന്നവർ

1 ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി, ചെല്ലാനം, കുമ്പളങ്ങി, ഇടക്കൊച്ചി ഭാഗത്തേക്ക് പോകേണ്ടവർ

2 എറണാകുളത്തുനിന്ന് തോപ്പുംപടി വഴി ചേർത്തല, ആലപ്പുഴ, തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി ബസുകളും കുരുക്കിൽപ്പെട്ട് സമയത്ത് ഓടി എത്താനാവാത്ത അവസ്ഥ

3 രാവിലെയും വൈകിട്ടുമാണ് വൻകുരുക്ക്. മൂന്നാഴ്ചയിലേറെയായി സ്ഥിതി തുടരുന്നു

4 മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി ഭാഗങ്ങളിൽനിന്ന് പള്ളുരുത്തി, ഇടക്കൊച്ചി, ചേർത്തല ഭാഗത്തേക്ക് പോകുന്നവരും തോപ്പുംപടി കടന്നുകിട്ടാൻ വിഷമിക്കുന്നു.ഇവരിൽ പലരും പ്യാരി ജംഗ്ഷൻ - കൊച്ചുപള്ളി റോഡ് വഴി 40ഫീറ്റ് റോഡിലൂടെയാണ് പോകുന്നത്.

കെ.ജെ. മാക്സി എം.എൽ.എ ഇടയ്ക്കിടെ പാലത്തിലെത്തി നിർമ്മാണ പുരോഗതി

വിലയിരുത്തുന്നുണ്ട്. 20ന് മുൻപ് ഹാർബർ പാലം നവീകരണം പൂർത്തിയാക്കി തുറന്ന് കൊടുക്കുമെന്ന അധികാരികളുടെ വാഗ്ദാനം

നടപ്പാകുമെന്ന് യാതൊരു ഉറപ്പുമില്ല. കാർണിവൽകൂടി എത്തിയതോടെ പശ്ചിമകൊച്ചിയിലേക്ക് വാഹനങ്ങളുടെ കുത്തൊഴുക്കുണ്ടാകും. അതിനുമുമ്പ് പാലം തുറന്നുകൊടുത്തില്ലെങ്കിൽ സ്ഥിതിഗതികൾ കൈവിട്ട് പോകാവുന്ന അവസ്ഥയിലാണ്. പകലും രാത്രിയും കൂടുതൽ ജോലിക്കാരെ നിറുത്തിയാൽ വേഗം നവീകരണം പൂർത്തിയാക്കി ഹാർബർപാലം തുറക്കാനാകുമെന്നാണ് തോപ്പുപടിയിലെ കച്ചവടക്കാർ പറയുന്നത്. റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും സമരവുമായി രംഗത്തിറങ്ങാനുള്ള ഒരുക്കത്തിലാണ്.

പുതുവർഷാഘോഷമായ കൊച്ചിൻ കാർണിവലിന് ഫോർട്ടുകൊച്ചിയിൽ തിരി തെളിഞ്ഞതോടെ ഇനിയുള്ള ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും.
പാലത്തിലെ നവീകരണജോലികൾ തീർത്തില്ലെങ്കിൽ ശക്തമായ സമരത്തിന് രൂപം നൽകും.

വി.ഡി. മജീന്ദ്രൻ,

സാമൂഹ്യ പ്രവർത്തകൻ