kvala
കൊങ്ങോർപ്പിള്ളി കവല

ശശി പെരുമ്പടപ്പിൽ

ആലങ്ങാട്: കൊങ്ങോർപ്പിള്ളി കവലയുടെ വികസന മുരടിപ്പിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. ആലങ്ങാട് പഞ്ചായത്തിലെ ഏറ്റവും തിരക്കുള്ള കവലയാണ് കൊങ്ങോർപ്പിള്ളി കവല. എന്നാൽ കുറേ വർഷങ്ങളായി ആവശ്യമായ വികസനങ്ങളൊന്നും തന്നെ ഇവിടെ നടന്നിട്ടില്ല. ആലുവ, വരാപ്പുഴ, പറവൂർ, കടുങ്ങല്ലൂർ, ഇടയാർ വ്യവസായ മേഖല എന്നീ പ്രധാന ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളെല്ലാം ഇതു വഴിയാണ് കടന്നുപോകുന്നത്. വികസന പ്രവർത്തനം ഒന്നും നടക്കാത്തതിനാൽ യാതൊരു സുരക്ഷാ സംവിധാനങ്ങളോ സിഗ്നൽ ലൈറ്റുകളോ ഇവിടെയില്ല. നാലുഭാഗങ്ങളിൽ നിന്ന് ഒരേ സമയം വാഹനങ്ങൾ വരുമ്പോൾ അപകട സാദ്ധ്യത ഇരട്ടിയാണ്. കവല വീതി കൂട്ടി സിഗ്നൽ സംവിധാനം ഒരുക്കണമെന്നുള്ളത് കാലങ്ങളായുള്ള ആവശ്യമാണ്. കവലയുടെ വികസനത്തിനായി സർക്കാർ മൂന്നുകോടി രൂപ ബജറ്റിൽ വകയിരുത്തിയെന്ന് പറയുന്നുണ്ടെങ്കിലും നാളിതുവരെ യാതൊരു വികസന പ്രവർത്തനങ്ങളും നടന്നിട്ടില്ല. സ്ഥലമേറ്റെടുത്ത് വീതി കുട്ടണമെന്നുള്ള ആവശ്യമാണ് പ്രധാനം. ഈ വിഷയവുമായി ബന്ധപ്പെട്ടു സ്ഥലം എം.എൽ.എയും മന്ത്രിയുമായ പി. രാജീവിനെ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ അടക്കമുള്ളവർ സമീപിച്ചുവെങ്കിലും യാതൊരു നടപടിയും എടുത്തില്ലെന്നാണ് ആക്ഷേപം.

പ്രധാന ആവശ്യങ്ങൾ

1. സിഗ്നൽ സംവിധാനം

2. കവലയുടെ വീതികൂട്ടൽ

3. സുരക്ഷാ സംവിധാനങ്ങൾ

കവലയുടെ വികസനം പൂർത്തീകരിക്കണമെങ്കിൽ തരണം ചെയ്യേണ്ടത് മുന്നിലുള്ളത് നിരവധി കടമ്പകൾ ഭൂമി ഏറ്റെടുക്കാൻ ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം ഏറ്റെടുക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ഉടമകൾക്കും നഷ്ടപരിഹാരം നൽകേണ്ടിവരും കവലയുടെ വികസനത്തിന് ഈ നടപടികൾ വേഗത്തിലാക്കണം

എൻ.എച്ച് 66ന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഇതു വഴിയുള്ള വാഹനഗതാഗതം ഇരട്ടിയാകും. ഇതോടെ കവലയിൽ വലിയ തോതിലുള്ള ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും വഴിയൊരുങ്ങും

അരുൺകുമാർ

വ്യവസായി

കൊങ്ങോർപ്പിള്ളി കവലയുടെ വികസനം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കേണ്ടതാണ്. എത്രയും വേഗത്തിൽ കവലയുടെ വികസനത്തിന് ആലങ്ങാട് പഞ്ചായത്ത് നടപടികൾ കൈക്കൊള്ളും

പി.എം മനാഫ്

പ്രസിഡന്റ്

ഗ്രാമ പഞ്ചായത്ത്

വികസന പ്രവർത്തനങ്ങൾ കവലയിൽ വലിയ മാറ്റങ്ങളുണ്ടാക്കും. എന്നാൽ വികസനം വൈകിയാൽ നിരവധി അപകടങ്ങൾക്ക് കാരണമാകും. സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണം.

എ.ടി. ബൈജു

അദ്ധ്യാപകൻ