മൂവാറ്റുപുഴ: നാല് ദിവസം നീണ്ട് നിൽക്കുന്ന സി.പി.എം മൂവാറ്റുപുഴ ഏരിയ സമ്മേളനത്തിന് ഇന്ന് കൊടി ഉയരും. മൂവാറ്റുപുഴയുടെ വികസന മുരടിപ്പും മീനച്ചിൽ പദ്ധതി വഴി ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും സമ്മേളനം ചർച്ച ചെയ്യുമെന്ന് ജില്ല കമ്മിറ്റി അംഗം അഡ്വ. പി.എം. ഇസ്മയിൽ, ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, ഏരിയ കമ്മിറ്റി അംഗം സജി ജോർജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ന് വൈകിട്ട് 6ന് പതാക കൊടിമര ജാഥകൾ ചാലിക്കടവ് ജംഗ്ഷനിൽ എത്തിച്ചേരും. തുടർന്ന് ടൗൺഹാൾ ഗ്രൗണ്ടിൽ സ്വാഗത സംഘം ചെയർമാൻ പി.എം. ഇസ്‌മായിൽ പതാക ഉയർത്തും. നാളെ മേള ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ്. സതീഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിയ്ക്കൽ, ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, ജില്ല സെക്രട്ടറിയേറ്റംഗം ആർ. അനിൽകുമാർ എന്നിവർ പങ്കെടുക്കും. 161 പ്രതിനിധികൾ പങ്കെടുക്കും. 16ന് വൈകിട്ട് 4ന് വൊളണ്ടിയർ പരേഡും ബഹുജന റാലിയും നടക്കും. തുടർന്ന് ടൗൺഹാൾ ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മൂവാറ്റുപുഴ ഏയ്ഞ്ചൽ വോയിസിന്റെ ഗാനമേളയും ഉണ്ടാകും.