കോതമംഗലം: തെരുവിൽ താമസിക്കുന്നവരുടെ പുനരിധിവാസം ലക്ഷ്യമിട്ടുള്ള കേന്ദ്രസർക്കാരിന്റെ സ്‌മൈൽ പദ്ധതി കൊച്ചിയിൽ ആരംഭിച്ചു. രാജ്യത്തെ അൻപത് നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. കോതമംഗലം പീസ് വാലി ഫൗണ്ടേഷനാണ് ജില്ലയിൽ പദ്ധതിയുടെ നിർവഹണ എജൻസി. ജില്ലാ വികസന കമ്മീഷണർ അശ്വതി ശ്രീനിവാസ് ആണ് നോഡൽ ഓഫീസർ. കൊച്ചിയിൽ മെട്രോ തൂണുകൾക്ക് താഴെയും കടത്തിണ്ണകളിലുമായി സ്ത്രീകളും പുരുഷന്മാരുമായി മുന്നൂറോളം പേർ നഗരത്തിൽ ഉണ്ടെന്നാണ് ഏകദേശ കണക്ക്. കൃത്യമായ തിരിച്ചറിയൽ രേഖകളോ വിലാസമോ ഇല്ലാത്ത ഇവർ ഉയർത്തുന്ന സുരക്ഷാ പ്രശ്നങ്ങളും നിരവധിയാണ്. തെരുവിലെ സർവേയിലൂടെ കണ്ടെത്തുന്ന മനുഷ്യരെ പീസ് വാലിയുടെ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ച് തൊഴിൽ പരിശീലനം നൽകി സമൂഹത്തിലേക്ക് തിരികെ എത്തിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതിയുടെ ധാരണാപത്രം ജില്ലാ വികസന കമ്മീഷണറും പീസ് വാലി ചെയർമാൻ പി.എം. അബൂബക്കറും ഒപ്പുവെച്ചു. പീസ് വാലി ഉപാദ്ധ്യക്ഷൻ കെ.എം. യൂസഫ്, ജില്ലാ സാമൂഹിക നീതി ഓഫീസർ വി.ജെ. ബിനോയ് എന്നിവർ സന്നിഹിതരായിരുന്നു.