vakamaram-
ആലപുരം കവലയിൽ സ്കൂളിന് മുന്നിൽ അപകട ഭീഷണിയായി വാക മരങ്ങൾ.

ഇലഞ്ഞി: അപകട ഭീഷണി ഉയ‌ർത്തി ഇലഞ്ഞി ആലപുരം കവലയിൽ സ്കൂൾ ഗ്രൗണ്ടിൽ ഏത് നിമിഷവും മറിഞ്ഞുവീഴാവുന്ന നിലയിലുള്ള വാക മരങ്ങൾ. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും സ്കൂൾ ഗേറ്റിനോട് ചേർന്ന് നിൽക്കുന്ന മരം മുന്നിലുള്ള വെയ്റ്റിംഗ്ഷെഡ്‌ഡും മതിലും തകർത്ത് റോഡിലേക്ക് ചരിഞ്ഞു നിൽക്കുകയാണ്. കൂടാതെ ചേർന്ന് നിൽക്കുന്ന മറ്റു രണ്ടു വാകമരങ്ങൾ സ്കൂൾ ഗ്രൗണ്ടിലേക്കാണ് ചരിഞ്ഞു നില്കുന്നത്. മരങ്ങളുടെ വലിപ്പം മൂലം സ്കൂൾ മതിൽ നേരത്തെ ഇടിഞ്ഞു പോയിരുന്നു.

സ്കൂൾ അധികൃതർ കാലങ്ങളായി പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയൊന്നും ആയിട്ടില്ല. ഏതു നിമിഷവും മറിഞ്ഞുവീഴാൻ സാദ്ധ്യതയുള്ള വാക മരങ്ങൾ എത്രയും വേഗം മുറിച്ചു മാറ്റിയില്ലെങ്കിൽ ഉണ്ടാകുന്ന അപകടം നിസാരമായിരിക്കില്ല. റോഡിലേക്ക് ചെരിഞ്ഞു നിൽക്കുന്ന മരം വീഴുക സ്കൂൾ ബസുകൾ, തീർത്ഥാടക വാഹനങ്ങൾ, കോട്ടയം, പാലാ, പിറവം, എറണാകുളം ഭാഗത്തേക്കുള്ള ബസുകൾ തുടങ്ങി നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന വഴിയിലേക്കാകും.

റോഡിനു സമീപത്തുള്ള ഓട്ടോറിക്ഷ സ്റ്റാൻഡ്, അമ്പലം, വെയിറ്റിംഗ് ഷെഡ് എന്നിവയും തകരാൻ സാദ്ധ്യതയുണ്ട്. സ്കൂൾ ഭാഗത്തേക്ക്‌ ചരിഞ്ഞു നിൽക്കുന്ന മരങ്ങളാണ് കൊച്ചുകുട്ടികൾ പഠിക്കുന്ന ക്ലാസുകളാകും അപകടത്തിൽപ്പെടുക. അങ്ങനെയെങ്കിൽ വലിയ ദുരന്തമാകും സംഭവിക്കുക. എത്രയും വേഗം മരം മുറിച്ചു മറ്റാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും ആവശ്യം.

മരം എത്രയും വേഗം മുറിച്ചു മാറ്റിയില്ലെങ്കിൽ ഉണ്ടാകാൻ പോകുന്ന അപകടത്തിന്റെ തീവ്രത വലുതായിരിക്കും. അധികാരികൾക്ക്‌ പല തവണ പരാതി നൽകിയിട്ടും ഫോറസ്റ്റ് അനുമതിയുടെ പേര് പറഞ്ഞ് നടപടിയെടുക്കുന്നില്ല. പഞ്ചായത്തും അനുബന്ധ വകുപ്പുകളും ചേർന്ന് എത്രയും വേഗം തുടർനടപടികൾ സ്വീകരിക്കണം
ജോയി പുളിക്കിയിൽ
പ്രദേശവാസി

പലതവണ പഞ്ചായത്തിൽ പരാതി നൽകിയിട്ടുള്ളതാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അപകടകരമായ രീതിയിൽ മരം റോഡിലേക്ക് ചരിഞ്ഞതിനെ തുടർന്ന് തുടർ നടപടികൾ ഉടൻ എടുക്കാൻ പഞ്ചായത്ത് അടിയന്തിര കമ്മിറ്റി ചേരും.

ജയശ്രീ സനൽ

വാർഡ് മെമ്പർ