
കാലടി: എട്ടര കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. തൃക്കാരിയൂർ പാനിപ്ര തോട്ടത്തിക്കുടി ഷംസുദ്ദീൻ (36), വെസ്റ്റ് ബംഗാൾ മുർഷിദാബാദ് അബ്ദുൽ അസീസ് മണ്ഡൽ (33), വെസ്റ്റ് ബംഗാൾ ഗോപാൽപൂർ ഘട്ട് സുമൻ മണ്ഡൽ (29) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘവും കാലടി പൊലീസും ചേർന്ന് പിടികൂടിയത്. ഓട്ടോടാക്സിയിൽ കഞ്ചാവുമായി വരുമ്പോൾ കാലടി ജംഗ്ഷനിൽ വെച്ച് പിടികൂടുകയായിരുന്നു. കുറച്ചുനാളുകളായി ഇവർ നിരീക്ഷണത്തിലായിരുന്നു. 
ബംഗാളിൽ നിന്നും ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗം അങ്കമാലിയിൽ എത്തിക്കുന്ന കഞ്ചാവ് അവിടെനിന്ന് കാലടി കോട്ടപ്പടി ഭാഗങ്ങളിൽ ഓട്ടോ ടാക്സിയിൽ എത്തിച്ച് വില്പന നടത്തുകയായിരുന്നു. സ്ഥിരമായി ഷംസുദ്ദീന്റെ ഓട്ടോടാക്സി ആണ് കഞ്ചാവ് വില്പന നടത്താൻ ഉപയോഗിച്ചിരുന്നത്. സുമൻ മണ്ഡൽ കാലടിയിൽ ഹോട്ടൽ ജോലിയുടെ മറവിലായിരുന്നു വില്പന. അബ്ദുൽ അസീസ് മണ്ഡൽ കോട്ടപ്പടി ഭാഗത്താണ് കച്ചവടം നടത്തിയിരുന്നത്. ബംഗാളിൽ നിന്നും ഒഡീഷയിൽ നിന്നും 3000 രൂപയ്ക്ക് ലഭിക്കുന്ന കഞ്ചാവ് ഇവിടെ കിലോയ്ക്ക് ഇരുപതിനായിരം രൂപ നിരക്കിലാണ് വില്പന നടത്തുന്നത്.