
പറവൂർ: ഗുരുവായൂർ തന്ത്രിയെപ്പോലുള്ള ഉന്നത ആചാര്യനിൽ നിന്ന് ആചാരലംഘനമുണ്ടാകുന്നത് ഗുരുതര വീഴ്ചയും ഭക്തസമൂഹത്തെ വേദനിപ്പിക്കുന്നതുമാണെന്ന് അഖിലകേരള ജ്യോതിശാസ്ത്ര മണ്ഡലം. പുല ബാധിച്ച തന്ത്രി ഏകാദശി ദിവസം പതിനായിരക്കണക്കിന് ഭക്തർക്കുള്ള അന്നദാനം വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തതിലൂടെ അന്നദാനത്തിൽ പങ്കെടുത്ത ഭക്തർക്കും അശുദ്ധി വന്നു. അന്നദാനത്തിൽ പങ്കെടുത്തവർ ക്ഷേത്രത്തിൽ പ്രവേശിച്ചെങ്കിൽ അനിഷ്ട സംഭവമാണ്. അതിനാൽ ക്ഷേത്രത്തിൽ ശുദ്ധിക്രിയകളും മറ്റ് പരിഹാരങ്ങളും നടത്തണമെന്നും ജ്യോതിശാസ്ത്ര മണ്ഡലം സംസ്ഥാന പ്രസിഡന്റ് ഡോ. കെ. ബാലകൃഷ്ണ വാര്യർ,ജനറൽ സെക്രട്ടറി ശ്രേയസ് നമ്പൂതിരി,സംഘടനാ സെക്രട്ടറി ജയകൃഷ്ണൻ എസ്. വാര്യർ,ട്രഷറർ വി.ജെ. രാജ്മോഹൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.