ആലുവ: മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കിയിട്ടും സ്വകാര്യ സിറ്റി ബസുകൾ റൂട്ട് തെറ്റിച്ചോടുന്നതായി പരാതി. നഗരത്തിലേക്ക് പ്രവേശിക്കുന്ന സ്വകാര്യ ബസുകൾ ബാങ്ക് ജംഗ്ഷൻ, പമ്പ് ജംഗ്ഷൻ, സീനത്ത് ജംഗ്ഷൻ വഴി റെയിൽവേ സ്റ്റേഷന് മുന്നിലൂടെ പോകണമെന്നാണ് ചട്ടം. എന്നാൽ ഭൂരിഭാഗം ബസുകളും ഇത് പാലിക്കുന്നില്ല.

ബാങ്ക് ജംഗ്ഷനിൽ ഓട്ടം നിർത്തി യാത്രക്കാരെ ഇറക്കിയ ശേഷം മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്ക് ബസുകൾ തിരിയുകയാണ്. ടൗൺഹാൾ, പമ്പ് കവല, സീനത്ത് സ്വകാര്യ ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി, ജില്ലാ ആശുപത്രി, കാരോത്തുകുഴി ഭാഗത്തേക്കുള്ള യാത്രക്കാരാണ് ഇതോടെ പെരുവഴിയിലാകുന്നത്. പ്രതിഷേധിക്കുന്നവരെ മറ്റ് ബസുകളിൽ കയറ്റി അയച്ചാണ് ബസ് ജീവനക്കാർ തടിതപ്പുന്നത്. ചില ബസുകൾ പമ്പ് കവലയിലേക്ക് വരുന്നുണ്ടെങ്കിലും സീനത്ത് ജംഗ്ഷനിലേക്ക് പോകാതെ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോകും. ഇതുകാരണം സീനത്ത് ജംഗ്ഷനിലെ കോടതി, ട്രഷറി, വിവിധ പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് എത്തേണ്ടവർ ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ടി വരികയാണ്.

കഴിഞ്ഞ മാസം മോട്ടോർ വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം റൂട്ട് മാറി ഓടിയ അഞ്ച് സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുത്തു.

കോടതിയിലേക്ക് ബസിൽ വരികയായിരുന്ന അഭിഭാഷകൻ നൽകിയ പരാതിയിൽ മോട്ടോർ വകുപ്പ് കഴിഞ്ഞ ദിവസവും പരിശോധന നടത്തി പിഴ ഈടാക്കി.
ബസുകൾ റൂട്ട് മാറിയോടുന്നതിനെതിരെ നഗരസഭയും പൊലീസിൽ പലവട്ടം പരാതി നൽകി.

ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റിയിലും വിഷയം ചർച്ചയായി