കാലടി: അയ്യമ്പുഴ പ്ലാന്റേഷൻ കോർപ്പറേഷൻ കല്ലാല എസ്റ്റേറ്റ് ഡിവിഷൻ ഡിയിലെ പാൽപ്പുര കഴിഞ്ഞ രാത്രി കാട്ടാനക്കൂട്ടം നശിപ്പിച്ചു. പാൽപ്പുരയിലെ അലമാരയുടെ വാതിൽ തകർത്ത് അകത്ത് സൂക്ഷിച്ചിരുന്ന ബക്കറ്റ് ഉൾപ്പെടെയുള്ള ടാപ്പിംഗ് ഉപകരണങ്ങൾ ആനകൾ തകർത്തു. പാൽപ്പുരയോട് ചേർന്ന് തൊഴിലാളികൾ വസ്ത്രം മാറുന്നതിനും പണി സാധനങ്ങൾ സൂക്ഷിക്കുന്നതിനും ഉപയോഗിച്ചിരുന്ന ഷെഡും ആന തകർത്തു. പാൽപ്പുരയുടെ അടുത്തുണ്ടായിരുന്ന ശുചിമുറിയുടെ മേൽക്കൂരയും വലിച്ചു താഴെയിട്ടു. നിരവധി റബർ മരങ്ങളും ആന നശിപ്പിച്ചിട്ടുണ്ട്. ഇതിന് മുൻപും ഈ പാൽപ്പുരക്ക് നേരേ ആനയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.