k

കൊച്ചി: തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ എ.ഡി.എം നവീൻബാബുവിന്റെ അടിവസ്ത്രത്തിലെ രക്തക്കറ ഇൻക്വസ്റ്റ് നടത്തിയ പൊലീസ് കണ്ടിട്ടും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറോട് പറയാതിരുന്നത് സംശയകരമാണെന്ന് ഭാര്യ കെ.മഞ്ജുഷ ഹൈക്കോടതിയിൽ അറിയിച്ചു. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ വാദത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. വാദം പൂർത്തിയായി. ഹർജി ജസ്റ്റിസ് കൗസ‌ർ എടപ്പഗത്തിന്റെ ബെഞ്ച് വിധി പറയാൻ മാറ്റി.

കഴുത്തിൽ കയർ മുറുകിയതിന്റെ അടയാളത്തിൽ 10 സെന്റീമീറ്ററിന്റെ വ്യത്യാസം

ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ തമ്മിലുണ്ട്. 55 കിലോയുള്ള നവീൻ കനംകുറഞ്ഞ കയറിൽ തൂങ്ങിമരിച്ചെന്നത് അവിശ്വസനീയം. ആന്തരിക സ്രവങ്ങളൊന്നും മൃതദേഹത്തിൽ ഉണ്ടായിരുന്നില്ല. കഴുത്തിലെ കയറിന്റെ പാട് ബലപ്രയോഗം നടന്നോയെന്ന സംശയത്തിനിടയാക്കുന്നു.

ഇൻക്വസ്റ്റ് തുടങ്ങിയ ശേഷമാണ് വിവരം സഹോദരനെ ഫോണിൽ അറിയിച്ചത്.

ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും തിടുക്കത്തിലാണ് നടന്നത്. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തരുതെന്ന് കളക്ടറോട് പറഞ്ഞിട്ടും അവിടെത്തന്നെ നടത്തിയത് സംശയകരമാണെന്നും മഞ്ജുഷയുടെ അഭിഭാഷകൻ ജോൺ എസ്.റാൾഫ് വാദിച്ചു.

ആരോപണത്തിനപ്പുറം തെളിവുകളൊന്നും ഹാജരാക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കി. നവീൻ അവസാനമായി സംസാരിച്ചത് മഞ്ജുഷയോടാണ്. എന്നാൽ, സംശയകരമായ ഒന്നും അവർക്ക് പങ്കുവയ്‌ക്കാനായിട്ടില്ല. കൊലപാതകമെന്ന സംശയത്തിൽ കുടുംബം ഉന്നയിച്ച കാര്യങ്ങളും പ്രത്യേക പൊലീസ് സംഘം പരിശോധിക്കുമെന്ന് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ടി.എ.ഷാജി അറിയിച്ചു. കേസ് സി.ബി.ഐ ഏറ്റെടുക്കേണ്ട അസാധാരണ സാഹചര്യമെന്താണെന്ന് കോടതി ചോദിച്ചു. പ്രതി പി.പി.ദിവ്യയുടെ രാഷ്ട്രീയ സ്വാധീനമാണ് പ്രധാന വിഷയമെന്ന് ഹർജിക്കാരി പറഞ്ഞു.

മഞ്ജുഷയുടെ വാദം

പി.പി.ദിവ്യയെ കഴിഞ്ഞ ദിവസമാണ് ജില്ലാ പഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ സ്ഥിരാംഗമാക്കിയത്. ഇവരെ അനുകൂലിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയുണ്ട്. അവരുടെ സ്വാധീനമാണ് ഇത് വ്യക്തമാക്കുന്നത്
പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിക്കായി വിവരാവകാശ അപേക്ഷ നൽകിയിട്ടും മറുപടി ലഭിച്ചില്ല. പ്രശാന്തനും ദിവ്യയുടെ ഭർത്താവും ജോലിചെയ്തിരുന്ന പരിയാരം മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടന്നത്

സർക്കാർ വാദം
ഇൻക്വസ്റ്റ് തയ്യാറാക്കാൻ തുടങ്ങിയ ശേഷമാണ് നവീന്റെ ബന്ധുക്കളെ അറിയിച്ചതെന്ന ആരോപണത്തിന് തെളിവില്ല. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തരുതെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടില്ല
ആത്മഹത്യ ചെയ്‌താൽ അടിവസ്ത്രത്തിൽ രക്തക്കറയുണ്ടാകാമെന്ന് ഡോക്ടറുടെ റിപ്പോർട്ടുണ്ട്. കേസ് ഡയറി കോടതിയിൽ സമർപ്പിച്ച ശേഷമാണ് ഇക്കാര്യത്തിൽ ഡോക്ടറുടെ അഭിപ്രായം തേടിയത്. സ്വന്തം പാർട്ടിയിൽപോലും ദിവ്യയ്ക്ക് സ്വാധീനമില്ല. പിന്നെയെങ്ങനെ സർക്കാരിനെ സ്വാധീനിക്കാനാകും