പെരുമ്പാവൂർ: പെരുമ്പാവൂരിൽ കഞ്ചാവ് ശേഖരം പിടികൂടിയതുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. തൊടുപുഴ കാഞ്ഞിരമറ്റം പൂതനകുന്നേൽ വീട്ടിൽ ശംഭു (24), തൊടുപുഴ തെക്കുംഭാഗം കണിയാംമൂഴിയിൽ വിനയരാജ് (25 ) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.

വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 3.690 കിലോ കഞ്ചാവുമായി ഹസൻ എന്നയാളെ പെരുമ്പാവൂർ പൊലീസ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിലാണ് ഇപ്പോൾ രണ്ട്പേർകൂടി അറസ്റ്റിലായത്. ഹസൻ കഞ്ചാവ് വിതരണം ചെയ്തിരുന്നത് ഇവർ മുഖേനയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശംഭു പെരുമ്പാവൂരിലെ ബസ് ഡ്രൈവറാണ്. ഇടുക്കി ജില്ലയിലേക്കും കഞ്ചാവ് കടത്തിയിരുന്നത് ഇവരാണ്. ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഇരുവർക്കുമെതിരെ കഞ്ചാവ് കടത്ത്, ഭവനഭേദനം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കേസുകൾ നിലവിലുണ്ട്.

അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ടി.എം. സൂഫി, എസ്.ഐമാരായ റിൻസ് എം. തോമസ്, പി.എം. റാസിക്, എസ്.സി.പി.ഒമാരായ സുബിൻ, അജിത്ത് മോഹൻ, നിഷാദ്, രജിത്ത് രാജൻ എന്നിവർ ഉണ്ടായിരുന്നു.