കൊച്ചി: യുവകായികതാരം അഭിയയ്ക്ക് വീട് നിർമ്മിക്കിക്കാൻ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്. കോട്ടയം മുണ്ടക്കയം പുലിക്കുന്ന് സ്വദേശിയും ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയുമായ അഭിയ ആൻ ജിജിക്കാണ് വീടൊരുക്കുന്നത്. തറക്കല്ലിടിൽ കർമ്മം മുത്തൂറ്റ് വോളിബാൾ അക്കാഡമി ടെക്‌നിക്കൽ ഡയറക്ടർ ബിജോയ് ബാബു നിർവഹിച്ചു. പുലിക്കുന്നിലെ അഭിയയുടെ കുടുംബത്തിന്റെ പേരിലുള്ള സ്ഥലത്താണ് വീട് നിർമ്മിക്കുന്നത്.
നിലവിൽ അഭിയയും കുടുംബവും താമസിക്കുന്ന വീടിന്റെ ശോച്യാവസ്ഥ പരിഹരിക്കുമെന്ന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ എൻജിനിയറിംഗ് വിഭാഗം പരിശോധന നടത്തിയപ്പോൾ വീട് വാസയോഗ്യമല്ലെന്ന് കണ്ടതിനെത്തുടർന്നാണ് വീട് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചത്. സംസ്ഥാന കായികമേളയുടെ വേദിയിൽവച്ച് അഭിയയ്ക്ക് സ്‌പോർട്‌സ് കിറ്റും കൈമാറിയിരുന്നു. പ്രതിമാസം പതിനായിരംരൂപ സ്‌കോളർഷിപ്പും നൽകുന്നുണ്ട്. പുലിക്കുന്ന് സ്വദേശി ജിജിമോന്റെയും അന്നമ്മയുടെയും മകളാണ്. ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ കേരളത്തിനായി മത്സരിക്കുന്ന താരം ഹൈജമ്പിൽ ഫൈനൽപ്രവേശനം നേടിയിട്ടുണ്ട്.
വീടിന്റെ തറക്കല്ലിടിൽ ചടങ്ങിൽ ഫാ. അലക്സ്, മുത്തൂറ്റ് ക്യാപ്പിറ്റൽ സർവീസ് സി.എസ്.ആർ മാനേജർ ജോവിൻ ജോൺ, പരിശീലകൻ സന്തോഷ് ജോർജ് എന്നിവർ പങ്കെടുത്തു. സമയബന്ധിതമായി വീടിന്റെ നിർമ്മാണം പൂർത്തിയാക്കി കുടുംബത്തിന് താക്കോൽ കൈമാറുമെന്ന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് സ്പോർട്സ് ഡിവിഷൻ ഡയറക്ടർ ഹന്ന മുത്തൂറ്റ് അറിയിച്ചു.