കൊച്ചി: വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് നിരവധിപ്പേരിൽ നിന്നായി ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. സൗത്ത് കളമശേരി കുസാറ്റ് റോഡിലുളള മോസ്റ്റ്ലാൻഡ്സ് ട്രാവൽ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ തൃശൂർ മേലൂർ സ്വദേശി മുകേഷ് മോഹനൻ (39) ആണ് കളമശേരി പൊലീസിന്റെ പിടിയിലായത്. അയർലൻഡ്, ഓസ്‌ട്രേലിയ, യു.കെ, അമേരിക്ക എന്നിവിടങ്ങളിലേക്ക് ജോബ് വിസ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് രണ്ട് മുതൽ നാല് ലക്ഷം വരെ രൂപ ഉദ്യോഗാർത്ഥികളിൽ നിന്ന് കൈപ്പറ്റി ചതിക്കുകയായിരുന്നു രീതി.
പ്രതിക്ക് തമിഴ്‌നാടിലും സമാന രീതിയിലുള്ള ഓഫീസുള്ളതായും ഇത്തരത്തിൽ നൂറിനു മുകളിൽ ആളുകളെ വഞ്ചിച്ചതായുമാണ് വിവരം.