
കുരീക്കാട്: ശ്രീനാരായണഗുരുദേവന്റെ ജീവിതം ആസ്പദമാക്കി 33 ചിത്രങ്ങൾ വരയ്ക്കുക വീട്ടമ്മയായ സുധർമ്മ ഗിരിജന്‍ രണ്ടുവർഷം നീണ്ട തപസ്യയായിരുന്നു. ചിത്രങ്ങൾക്ക് ആദ്യപ്രദർശനത്തിൽ ലഭിച്ച പ്രശംസയും അംഗീകാരവും ഗുരുദേവന്റെ അനുഗ്രഹമായി സ്വീകരിക്കുകയാണ് സുധർമ്മ. കുരീക്കാട് 1406-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയിലെ സ്വയംവര പാർവതി ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് ഗുരുദേവചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചത്. ആയിരത്തിലധികം പേരാണ് ചിത്രങ്ങൾ കാണാനെത്തിയത്. അവരുടെ അഭിപ്രായങ്ങൾ വലിയ സന്തോഷമാണ് നൽകിയതെന്ന് ചിത്രകാരി പറഞ്ഞു.
ചേർത്തല അർത്തുങ്കൽ കോടുവെളിയിൽ ഹോമിയോ ഡോക്ടറായ ചിദാനന്ദന്റെയും തണ്ണീർമുക്കം ചാണിയിൽവീട്ടിൽ ലീലാവതിയുടെയും അഞ്ചാമത്തെ പുത്രിയാണ് സുധർമ്മ. റവന്യൂ വകുപ്പിൽ സ്പെഷൽ വില്ലേജ് ഓഫിസറായിരുന്ന അംബികാവിലാസത്തിൽ വി.ജി. ഗിരിജനെ വിവാഹം ചെയ്തതോടെയാണ് ചോറ്റാനിക്കരക്കടുത്ത് കുരീക്കാട് നിവാസിയായത്.
1984ൽ ചേർത്തല വാര്യരുടെ ശിക്ഷ്യയായി ചിത്രകല അഭ്യസിച്ചിട്ടുണ്ട്. കെ.ജി.ടി.എ ഹയർ ഡിപ്ളോമ പരീക്ഷയും വിജയിച്ചശേഷം മുഴുവൻ സമയ ചിത്രകാരിയും വീട്ടമ്മയുമായി മാറുകയായിരുന്നു. ഗുരുദേവ ജീവിതം പൂർണമായി പഠിച്ച് മനസിൽ തട്ടിയ 33 സന്ദർഭങ്ങളാണ് രചനയ്ക്ക് തെരഞ്ഞെടുത്തത്. ക്യാൻവാസിൽ ഓയിൽ പെയിന്റിംഗാണ് ചെയ്തത്. ആറടി ചതുരം വരെയുള്ള ക്യാൻവാസുകളിലും ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
അബുദാബിയിൽ ഭർത്താവ് സജ്ജയ് സോളിയോടൊപ്പം താമസിക്കുന്ന അശ്വതി ഗിരിജനും നിയമപഠനം പൂർത്തിയാക്കിയ അശ്വിൻ ഗിരിയുമാണ് മക്കൾ. ഭർത്താവും മക്കളും കുടുംബാംഗങ്ങളും നൽകുന്ന പ്രോത്സാഹനമാണ് തന്റെ ചിത്രകലാജീവിതം വളർത്തിയതെന്ന് സുധർമ്മ പറഞ്ഞു.